തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇന്‍ഫ്‌ളുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പോക്സോ കേസ് ചുമത്തി പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിർണായക വിവരം ചോദ്യംചെയ്യലിൽ ലഭിച്ചതായി പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെയുള്ള സൈബർ ആക്രമണത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ യഥാർഥ മരണകാരണം അറിയണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ച് പരാതി നൽകി. തുടർന്ന് കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
മുമ്പ് വീട്ടിൽ സ്ഥിരമായി വന്നിരുന്ന ഈ യുവാവ് രണ്ടുമാസമായി വീട്ടിൽ വരുന്നില്ലെന്നും ഇയാളാളോ ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയമുണ്ടെന്നും പെൺകുട്ടിയുടെ പിതാവും പറഞ്ഞിരുന്നു. എന്നാൽ പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്. സൈബർ ആക്രമണത്തിൽ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്.
പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സൈബര്‍ ടീം രൂപീകരിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പുനഃപരിശോധിക്കുകയാണ്. കുട്ടിക്ക് 18 വയസ് തികയും മുമ്പേ ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.