റിയോ ഡി ജനീറോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്‍റെ ഉടമയായ ശതകോടീശ്വരൻ എലോൺ മസ്കിന് ബ്രസീലിൽ നിന്നും ആശ്വാസ വാർത്ത. സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൗണ്ടുകൾക്ക് ചുമത്തിയിരുന്ന മരവിപ്പിക്കൽ നടപടി ബ്രസീൽ പിൻവലിച്ചു. മസ്കിന് ചുമത്തിയ 3.3 മില്യൺ ഡോളർ പിഴ അടക്കാത്ത പക്ഷം അക്കൗണ്ടുകൾ മരവിപ്പിക്കാനും ദേശീയ ഖജനാവിലേക്ക് മാറ്റാനും ബ്രസീലിലെ സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസ് ഉത്തരവിട്ടിരുന്നു. എന്നാൽ മസ്ക് പിഴയടക്കാൻ തയ്യാറായതോടെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിച്ചത്.
പിഴയിനത്തിൽ എക്സിന് ചുമത്തിയ തുക മുഴുവനായി ഈ അക്കൗണ്ടുകളിലേക്ക് എത്തിയതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിക്കൽ നീക്കിയത്. ശതകോടീശ്വരൻ ഉടമ എലോൺ മസ്‌കും സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസും തമ്മിലുള്ള തർക്കത്തിനിടയിലാണ് കോടതി എക്സിന് വൻതുക പിഴയിട്ടത്. എക്സിന്റെ ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായിരുന്നു ബ്രസീൽ. തർക്കത്തിനൊടുവിൽ എക്സിന് ബ്രസീലിൽ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഏതാനു അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിന് വഴങ്ങാതെ വന്നതോടെയാണ് രാജ്യത്ത് എക്സിന് വിലക്ക് പ്രഖ്യാപിച്ചത്.
അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിനോട് അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ അടിത്തറയെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി അതിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നശിപ്പിക്കുകയാണ് എന്നാണ് ഇലോൺ മസ്ക് പ്രതികരിച്ചത്. എന്നാൽ ബ്രസീൽ പ്രസിഡന്‍റും സുപ്രീം കോടതി ഫുൾ ബെഞ്ചും മസ്കിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരുന്നു. നിരോധനം നീക്കില്ലെന്നും അക്കൗണ്ട് മരവിപ്പിക്കൽ നീക്കില്ലെന്നും അർധശങ്കക്കിടയില്ലാതെ വ്യക്തമാക്കിയതോടെയാണ് മസ്ക് ഫൈൻ അടച്ച് വിഷയത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്.