റിയോ ഡി ജനീറോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് ബ്രസിലിൽ നിരോധനം ഏർപ്പെടുത്തിയ സുപ്രീം കോടതി ഫുൾ ബഞ്ചിന്‍റെ തീരുമാനത്തിൽ പ്രതികരിച്ച് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ രംഗത്ത്. എലോണ്‍ മസ്‌കിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് ലോകത്തിന് ഒരു മികച്ച മാതൃകയാണ് ബ്രസീലെന്നാണ് പ്രസിഡന്‍റ് ഡാ സില്‍വ അഭിപ്രായപ്പെട്ടത്.
മസ്‌ക് ശതകോടീശ്വരനാണെന്നതും അതി സമ്പന്നനാണെന്നത് കൊണ്ടും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രം സഹിക്കാന്‍ ലോകം ബാധ്യസ്ഥമല്ലെന്നും ഇടതുപക്ഷ നേതാവായ ഡാ സിൽവ കൂട്ടിച്ചേർത്തു. വിദ്വേഷ പ്രസംഗവും തെറ്റായ വിവരങ്ങളും ഉണ്ടെന്ന് അവകാശപ്പെടുന്ന അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനും മറ്റ് നിയമപരമായ ആവശ്യകതകള്‍ പാലിക്കുന്നതിനും സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മോറസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിരോധിച്ചതിനെത്തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ബ്രസീല്‍ കഴിഞ്ഞ ദിവസം എക്‌സ് അടച്ചുപൂട്ടിയത്.