സാവോപോളോ: തെക്കന്‍ ബ്രസീലിലെ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 57 ആയി ഉയര്‍ന്നു. അതേസമയം മഴ ദുരിതത്തില്‍ നിരവധി ആളുകളെയാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം.
ഉറുഗ്വേയുടെയും അര്‍ജന്റീനയുടെയും അതിര്‍ത്തിയിലുള്ള സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളിലെ 497 നഗരങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗത്തെയും കൊടുങ്കാറ്റ് ബാധിച്ചതിനാല്‍ 67 പേരെ ഇപ്പോഴും കാണാനില്ലെന്നും 32,000-ത്തിലധികം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ റോഡുകളും പാലങ്ങളും തകര്‍ന്നിരിക്കുകയാണ്. കൊടുങ്കാറ്റ് മണ്ണിടിച്ചിലിനും ഒരു ചെറിയ ജലവൈദ്യുത നിലയത്തിലെ അണക്കെട്ടിന്റെ ഭാഗിക തകര്‍ച്ചയ്ക്കും കാരണമായി. മാത്രമല്ല, ബെന്റോ ഗോണ്‍കാല്‍വ്‌സ് നഗരത്തിലെ രണ്ടാമത്തെ അണക്കെട്ടും തകരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
എല്ലാ വിമാന സര്‍വ്വീസുകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി പോര്‍ട്ടോ അലെഗ്രെയുടെ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ വടക്കന്‍, വടക്കുകിഴക്കന്‍ മേഖലകളില്‍ മഴ പ്രതീക്ഷിക്കുന്നതായും എന്നാല്‍ മുമ്പത്തേതുപോലെ അത്ര തീവ്രമായിരിക്കില്ലെന്നും സംസ്ഥാന കാലാവസ്ഥാ അതോറിറ്റി.