ന്യൂഡല്‍ഹി: ബ്രസീലില്‍ കനത്തമഴയേയും കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 145 ലേക്ക് കുതിച്ചുയര്‍ന്നു. കൂടാതെ ഇതുവരെ 132 പേരെ കാണാതായതായാണ് വിവരം. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുപേക്ഷിച്ച് പാലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. രണ്ട് ദശലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
തെക്കന്‍ ബ്രസീലില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഞായറാഴ്ച നദികളിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്തെ നിവാസികള്‍ മഴ വീണ്ടും എത്തിയതോടെ കൂടുതല്‍ ദുരിതം അനുഭവിക്കുകയാണ്. രണ്ടാഴ്ചത്തെ മഴയ്ക്ക് ശേഷം നദികള്‍ അപകടനിലയിലേക്ക് കരകവിഞ്ഞൊഴുകുകയും തീരങ്ങളെയും നഗര പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പ്രധാന നദികളുടെയും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന അധികൃതര്‍ ഞായറാഴ്ച പറഞ്ഞു. 619,000 പേര്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടി വന്നതായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നതിനിടെയാണ് വീണ്ടും കനത്ത മഴ ഭീഷണിയാകുന്നത്.