റിയോ ഡി ജനീറോ: ബ്രസീൽ വിമാനദുരന്തത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. വൈകി വന്നതിനാൽ ജീവനക്കാർ തടഞ്ഞതിനെ തുടർന്നാണ് യുവാവിന് വിമാനത്തിൽ കയറാൻ സാധിക്കാതിരുന്നത്. അപകടത്തിൽ 57 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 61 പേരുടെയും ജീവൻ നഷ്ടമായിരുന്നു. റിയോ ഡി ജനീറോ നിവാസിയായ അഡ്രിയാനോ അസിസ് ആണ് താൻ രക്ഷപ്പെട്ടതിന്റെ അനുഭവം വെളിപ്പെടുത്തിയത്.
അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആളായിരുന്നു താനെന്നും വിമാനത്താവളത്തിൽ എത്താൻ അല്പം വൈകിയതിനെ തുടർന്ന് ജീവനക്കാർ തനിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ആ സമയത്ത് ജീവനക്കാരുടെ പ്രവർത്തിയിൽ തനിക്ക് കടുത്ത അമർഷം തോന്നിയെങ്കിലും ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യനിമിഷങ്ങളായാണ് ആ സമയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വൈകി 9.45നാണ് എയർപോർട്ടിലെത്തിയത്.
തിരക്ക് കൂടി ആയപ്പോൾ തനിക്ക് കൃത്യസമയത്ത് ചെക്ക്-ഇൻ ചെയ്യാൻ കഴിഞ്ഞില്ലെന്നും അതോടെ കാസ്‌കാവലിൽ നിന്ന് ഗ്വാറുലോസിലേക്കുള്ള വിമാനത്തിൽ കയറാൻ കഴിയാതെ വന്നതായും ആണ് ഇദ്ദേഹം പറയുന്നത്. സോഷ്യൽ മീഡിയയിൽ അസീസ് പങ്കുവച്ച് വീഡിയോയിലാണ് മരണത്തിൽ നിന്നും താൻ രക്ഷപ്പെട്ട അനുഭവം വിവരിച്ചത്. കുരിറ്റിബയിൽ നിന്ന് 76 കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയിലാണ് വിമാനം തകർന്നത്.
Brazil youth shares experiences who escape plane crash