ബ്രിജ് ഭൂഷണ് സീറ്റില്ല; പകരം മകന്‍ യുപിയിലെ ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡന പരാതി ഉന്നയിച്ച വിവാദ എം.പി ബ്രിജ് ഭൂഷണ് ഇക്കുറി സീറ്റില്ല. പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിനെ ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നും ബിജെപി മത്സരിപ്പിക്കും.

കരണ്‍ ഭൂഷണ്‍ സിംഗ് നിലവില്‍ ഉത്തര്‍പ്രദേശ് ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റാണ്. ഗോണ്ടയിലെ നവാബ്ഗഞ്ചിലുള്ള സഹകരണ ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ്. യുപി സീറ്റില്‍ നിന്ന് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ ബിജെപി ഒഴിവാക്കുമെന്നും പകരം മകന് ടിക്കറ്റ് നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ഇളയ മകനാണ് കന്നി അംഗത്തിലേക്കിറങ്ങുന്ന കരണ്‍ ഭൂഷണ്‍ സിംഗ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ചില്‍ നിന്ന് രണ്ട് ലക്ഷം വോട്ടുകള്‍ക്കാണ് ബ്രിജ് ഭൂഷണ്‍ വിജയിച്ചത്. ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായി കൈസര്‍ഗഞ്ചില്‍ മെയ് 20നാണ് വോട്ടെടുപ്പ്.

ഒരു ദശാബ്ദത്തോളമായി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ബി.ജെ.പി എം.പിക്കെതിരെ ആറ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ ബ്രിജ് ഭൂഷന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ബ്രിജ് ഭൂഷണെതിരെ ആഴ്ചകളോളം ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ മുന്‍നിര ഗുസ്തി താരങ്ങളുടെ വന്‍ പ്രതിഷേധം നടന്നു. പ്രതിഷേധത്തെ തുടര്‍ന്ന് 2023 ജൂണില്‍ ബ്രിജ് ഭൂഷണെതിരെ കേസെടുത്തിരുന്നു.

More Stories from this section

family-dental
witywide