‘ഒരു വാക്ക് പോലും പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടില്ല’; പുസ്തക വിവാദത്തില്‍ ബൃന്ദ കാരാട്ട്

ന്യൂഡൽഹി: ഓർമക്കുറിപ്പായ ‘ആൻ എജ്യുക്കേഷൻ ഫോർ റീത്ത’ എന്ന പുസ്തകത്തിൽ ഒരു വാക്ക് പോലും പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്ന് ബൃന്ദ കാരാട്ട്. തെറ്റായ വാര്‍ത്ത നല്‍കി മലയാള മനോരമ ദിനപത്രം തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

1975 മുതല്‍ 1985വരെ ഡല്‍ഹിയിലുള്ള കാലത്ത് ട്രേഡ് യൂണിയനുകളുടെയും വനിതാ സംഘടനകളുടെ രൂപീകരണവും സംഘാടക എന്ന നിലയിലെ അനുഭവങ്ങളുമാണ് പുസ്തകത്തിലുള്ളത്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പോരാട്ടമാണ് പുസ്തകത്തില്‍. പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. അസാന്മാര്‍ഗികമാണ് മനോരമ ചെയ്തതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

‘എന്നെ ഭാര്യമാത്രമാക്കി’, പാര്‍ട്ടി സ്വതന്ത്രവ്യക്തിത്വം അംഗീകരിച്ചില്ല എന്ന തലക്കെട്ടില്‍ മലയാള മനോരമ ദിനപത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെയാണ് ബൃന്ദ രംഗത്തെത്തിയത്. തന്റെ സ്വതന്ത്രവ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന് ‘ആന്‍ എജ്യൂക്കേഷന്‍ ഫോര്‍ റീത’ എന്ന പേരില്‍ പുറത്തിറക്കുന്ന ഓര്‍മ്മക്കുറിപ്പില്‍ തുറന്നുപറയുന്നുവെന്നാണ് വാര്‍ത്ത. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് ബൃന്ദയ്ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരാണ്.

താന്‍ എന്ന കമ്മ്യൂണിസ്റ്റിനെയും പാര്‍ട്ടി പ്രവര്‍ത്തകയെയും സ്ത്രീയെയും പലപ്പോഴും പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സമയം പിന്തുണ ലഭിച്ചുവെന്നും എന്നാല്‍ ഉന്നത സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന വേര്‍തിരിവുണ്ടായെന്നും പുസ്തകത്തില്‍ പറയുന്നു എന്നാണ് റിപ്പോര്‍ട്ട്.

More Stories from this section

family-dental
witywide