ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയുടെ 14 വര്‍ഷത്തെ പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും 326-ലേറെ സീറ്റുകളില്‍ വിജയിച്ച് ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം കടന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 61 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്.
“14 വർഷത്തിന് ശേഷം രാജ്യത്തിന് അതിൻ്റെ ഭാവി തിരികെ ലഭിക്കുന്നു. ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു. അവര്‍ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണ്,” ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. അദ്ദേഹം പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന് നന്ദി പറയുകയും തൻ്റെ ഭരണകൂടം ദേശീയ നവീകരണത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
അതേസമയം, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക് തോൽവി സമ്മതിച്ചു. അദ്ദേഹം പാർട്ടി പ്രവർത്തകരോട് മാപ്പ് ചോദിച്ചു. ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ ആകും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി. ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നാണ് സ്റ്റാർമറുടെ വിജയം. സ്റ്റാർമറെ ഫോണിൽ വിളിച്ച് സുനക് അഭിനന്ദനമറിച്ചു. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണു ഭൂരിപക്ഷം.