ബെംഗളൂരു: ആവശ്യമെങ്കിൽ പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്നും അത് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) തീരുമാനിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.
17 വയസുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ചാണ് മുൻ മുഖ്യമന്ത്രിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. യെദ്യൂരപ്പക്കെതിരെ പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, അറസ്റ്റ് ഭയന്ന് യെദ്യൂരപ്പ കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസ് നാളെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
“നിയമം എല്ലാവർക്കും തുല്യമാണ്, ആ സംഭവത്തിൽ എന്ത് നടന്നാലും, പോലീസ് നിയമപ്രകാരം പ്രവർത്തിക്കും, അദ്ദേഹം കുറ്റക്കാരനാണെന്നോ അല്ലെന്നോ ഞാൻ പറയില്ല, നിയമം എല്ലാവർക്കും തുല്യമാണ്. ആരും നിയമത്തിന് മുകളില്ല,” കേസിനെക്കുറിച്ച് സംസാരിച്ച കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുധനാഴ്ച സിഐഡി യെദ്യൂരപ്പയ്ക്ക് സമൻസ് അയച്ചിരുന്നു. താൻ ജൂൺ 17ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വ്യക്തമാക്കി സിഐഡിയുടെ നോട്ടീസിന് യെദ്യൂരപ്പ മറുപടി നൽകി.
പെൺകുട്ടിയുടെ അമ്മ മാർച്ച് 14ന് യെദ്യൂരപ്പയ്‌ക്കെതിരെ സദാശിവനഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മുതിർന്ന ബിജെപി നേതാവിനെതിരെ പോക്‌സോ നിയമവും ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പ്രകാരവും പോലീസ് കേസെടുത്തു.
എന്നാൽ, യെദ്യൂരപ്പ ആരോപണങ്ങൾ നിരസിക്കുകയും അവ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കുകയും ചെയ്തു.