പതിനാലാം നൂറ്റാണ്ടില്‍ 50 ദശലക്ഷം ആളുകളെ കൊന്ന ബ്യൂബോണിക് പ്ലേഗ് വീണ്ടും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു

ലോസ് ആഞ്ചലസ്: അപൂര്‍വമായി വളര്‍ത്തുപൂച്ചയില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള ബ്യൂബോണിക് പ്ലേഗ് എന്ന രോഗം അമേരിക്കില്‍ സ്ഥിരീകരിച്ചു. യുഎസിലെ ഒറിഗണ്‍ സംസ്ഥാനത്താണ് നിലവില്‍ രോഗബാധിതനായ വ്യക്തി ഉള്ളത്.

‘ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെടുന്ന ഒരു പകര്‍ച്ചവ്യാധിയുടെ സമയത്ത് മധ്യകാലഘട്ടത്തില്‍ യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെയെങ്കിലും കൊന്നൊടുക്കിയ ഈ രോഗം വികസിത രാജ്യങ്ങളില്‍ അസാധാരണമായാണ് എത്താറുള്ളത്. മൂന്നാം പ്ലേഗ് എന്നറിയപ്പെടുന്ന ബ്യൂബോണിക് പ്ലേഗ് ബാധിച്ച ഡെസ്ച്യൂട്ട്‌സ് കൗണ്ടിയിലെ രോഗിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. രോഗി ഇപ്പോഴും ചികിത്സയിലണ്. വ്യക്തിക്ക് മിക്കവാറും അവരുടെ പൂച്ചയില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

രോഗിയുമായും അവരുടെ വളര്‍ത്തുമൃഗത്തുമൃഗവുമായും അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗം പടരുന്നത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്വീകരിച്ചിട്ടുണ്ട്.

രോഗം ബാധിച്ച ഒരു മൃഗത്തെവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം എട്ട് ദിവസത്തിനുള്ളില്‍ മനുഷ്യരില്‍ പ്ലേഗിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കും. പനി, ഓക്കാനം, ബലഹീനത, വിറയല്‍, പേശിവേദന എന്നിവ ലക്ഷണങ്ങളായി കാണപ്പെടാം നേരത്തെ കണ്ടുപിടിച്ചില്ലെങ്കില്‍, ബ്യൂബോണിക് പ്ലേഗ് സെപ്റ്റിസെമിക് പ്ലേഗിലേക്ക് മാറുകയും ഇത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് രോഗിയെ എത്തിക്കുകയും ചെയ്യും. ന്യൂമോണിക് പ്ലേഗിലേക്കും ഈ രോഗാവസ്ഥ എത്തിയേക്കാം. രണ്ടും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് രോഗിയെ തള്ളിവിടും.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്യൂബോണിക് പ്ലേഗ് ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തുവെന്നും അതിനാല്‍ത്തന്നെ ഇത് പടരുന്നതും തടയാന്‍ പരമാവധികഴിയുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 2015 ലാണ് അവസാനമായി ഇത്തരത്തിലൊരു കേസ് ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.