ദില്ലി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത ആരോപണവുമായി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2017 ലെ കൂടിക്കാഴ്ചക്ക് ശേഷം തന്റെ ശുചിമുറി ഉപയോഗിച്ച് നെതന്യാഹു പുറത്തിറങ്ങിയതിന് പിന്നാലെ ശബ്ദം ചോർത്തുന്ന ഉപകരണം കണ്ടെത്തിയെന്ന് ബോറിസ് ജോൺസൺ അവകാശപ്പെട്ടതായി ദി ടെലിഗ്രാഫാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോൺസൻ്റെ പുതിയ പുസ്തകമായ ‘അൺലീഷ്ഡ്’, ഒക്ടോബർ 10 ന് പ്രകാശനം ചെയ്യാനിരിക്കെയാണ് വാർത്ത പുറത്തുവന്നത്. ബോറിസ് ജോൺസൺ യു കെയുടെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോൾ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിലാണ് സംഭവം നടന്നതെന്നാണ് വ്യക്തമാകുന്നത്.
കൂടിക്കാഴ്ചക്കിടെ ബാത്ത് റൂം ഉപയോഗിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. രഹസ്യ അനക്സിലെ ശുചിമുറിയാണ് അനുവദിച്ചത്. അദ്ദേഹത്തിന്റെ ഉപയോഗത്തിന് ശേഷം നടന്ന സുരക്ഷാ പരിശോധനയിൽ ശ്രവണ ഉപകരണം കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം യാദൃച്ഛികമായിരിക്കാമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തിറങ്ങുന്ന പുസ്തകത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.