ധരംശാല: ഇംഗ്ലണ്ടിനെതിരായ ധർമ്മശാല ടെസ്റ്റിലും മധ്യനിരയിലെ വിശ്വസ്തൻ കെ എൽ രാഹുലിന് കളിക്കാനാകില്ല. രാഹുലിന് ശാരീരിക ക്ഷമത വീണ്ടെടുക്കാനായില്ലെന്ന് ബി സി സി ഐ അറിയിച്ചു. റാഞ്ചി ടെസ്റ്റിൽ വിശ്രമം നൽകിയ പേസർ ജസ്പ്രിത് ബുംറ അഞ്ചാം ടെസ്റ്റിൽ തിരിച്ചെത്തുമെന്നും ബി സി സി ഐ വ്യക്തമാക്കി. മാർച്ച് 7 നാണ് ധർമ്മശാല ടെസ്റ്റിന് തുടക്കമാവുക. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇതിനകം തന്നെ ഇന്ത്യ 3 – ന് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ബുംറ തിരിച്ചെത്തുമ്പോൾ ആര് പുറത്താകും എന്നതാണ് കണ്ടറിയേണ്ടത്. ടി 20 ലോകകപ്പ് മുന്‍നിര്‍ത്തി ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു ബുംറ 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് വീഴ്ത്തിയത്. ബുംറയ്ക്ക് പകരക്കാരനായിറങ്ങിയ ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിൽ ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. നിലവിലെ സാധ്യത പ്രകാരം കഴിഞ്ഞ ടെസ്റ്റ് കളിച്ച മുഹമ്മദ് സിറാജാകും പുറത്തിരിക്കുക.
അതേസമയം സ്പിന്‍ ഔള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ നിന്നൊഴിവാക്കി. തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിക്കാനാണ് അദ്ദേഹത്തെ വിട്ടുകൊടുത്തത്. മാര്‍ച്ച് രണ്ടിന് മുംബൈക്കെതിരെയാണ് മത്സരം. ആവശ്യമെങ്കില്‍ രഞ്ജി പൂര്‍ത്തിയാക്കിയ ശേഷം സുന്ദര്‍ ടീമിനൊപ്പം ചേരാം.
Bumrah back for Dharamsala Test, KL Rahul ruled out IND vs ENG 5th Test updates