പാലക്കാട്: കൈക്കൂലിക്ക് കുപ്രസിദ്ധി നേടിയ ഇടമാണ് വാളയാര്‍ ചെക്ക്‌പോസ്റ്റ്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്. പ്രിന്ററിനുള്ളില്‍ പേപ്പറിനു പകരം കണ്ടത് നോട്ട് കെട്ടുകള്‍. കൂടാതെ ഉപയോഗശൂന്യമായ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്നും പണം പിടികൂടി.
25,650 രൂപയാണ് മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്.
വാഹനങ്ങളുടെ സംസ്ഥാനാന്തര യാത്രകള്‍ക്കുള്ള അനുമതി പത്രം (പെര്‍മിറ്റ്) നല്‍കല്‍, രേഖകളുടെ കൃത്യത, വാഹനങ്ങള്‍ കൃത്യമായ അളവിലാണോ ചരക്കുകള്‍ കയറ്റുന്നത് എന്നിവ പരിശോധിക്കലാണ് ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥരുടെ മുഖ്യ ചുമതല. ചട്ടം ലംഘിച്ച് വരുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തണം. ഓരോ വാഹനത്തിലും അധികം കയറ്റുന്ന ഒരു ടണ്ണിന് 10,000 രൂപ പിഴ ഈടാക്കണമെന്നാണ് ചട്ടം.
നിയമലംഘനം നടത്തുന്നവരുടെ പിഴ ഒഴിവാക്കിക്കൊടുക്കുന്നതിനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ട്ടര്‍, അസ്സിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഓഫീസ് അറ്റന്‍ഡര്‍ എന്നിവരുള്‍പ്പെടുന്ന ജീവനക്കാരുടെ സംഘം കൈക്കൂലി കൈപ്പറ്റുന്നത്. നൂറുകണക്കിനു വാഹനങ്ങളാണ് ഓരോ ദിവസവും ചെക്ക്‌പോസ്റ്റ് വഴി ലോഡുകളുമായി കേരളത്തിലേക്ക് വരുന്നത്. ഇവയില്‍ മിക്കതിലും അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ലോഡുണ്ടായിരിക്കും. ശരിയായ രേഖകളില്ലാതെ വരുന്ന വാഹനങ്ങളുമുണ്ടാകും. ഇത്തരത്തില്‍ പരിശോധന
കൃത്യമാക്കിയാല്‍ നല്ലൊരു വരുമാനം ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് പൊതു ഖജനാവിലേക്ക് എത്തും.
മുമ്പും നിരവധി തവണ വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നും കൈക്കൂലി തുക പിടിച്ചെടുത്തിട്ടുണ്ട്. ഓരോ തവണ പിടിച്ചെടുക്കുമ്പോഴും പുതിയ വഴികളാണ് കൈക്കൂലി പ്രിയരായ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്.
കേടായിക്കിടക്കുന്ന കസേരയുടെ അടിഭാഗം, വേസ്റ്റ് ബക്കറ്റ്, ചെക്ക്‌പോസ്റ്റിനു സമീപത്തെ ക്ഷേത്രത്തിന്റെ ഓവുചാല്‍, ചന്ദനത്തിരിയുടെ കവറുകള്‍, ചുരുട്ടിമടക്കിയ പേപ്പര്‍, സമീപത്തെ ചായക്കട തുടങ്ങിയ ഇടങ്ങളിലാണ് വിജിലന്‍സ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനായി ജീവനക്കാര്‍ കൈക്കൂലിപ്പണം സൂക്ഷിക്കുന്നത്.
കാന്തക്കഷ്ണത്തില്‍ ചുറ്റി ഇരുമ്പ് ഭിത്തിയിലൊട്ടിച്ച നിലയിലും പണം കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറിയുമായി വരുന്ന ലോറിക്കാര്‍, പണത്തിനു പുറമെ പച്ചക്കറിയും കൈക്കൂലിയായി നല്‍കാറുണ്ട്.