ലുക്കൗട്ട് നോട്ടീസിന് മുന്നേ ഇന്ത്യ വിട്ടോ ബൈജു രവീന്ദ്രൻ, ദുബായിലെന്ന് സൂചന; സിഇഒ സ്ഥാനത്ത് നിന്ന് നീക്കാൻ ഇജിഎം

ദില്ലി: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരപ്രകാരം ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബായിലാണെന്നാണ് സൂചന. ഇ ഡിയുടെ ലുക്കൗട്ട് നോട്ടീസിന് മുന്നെയാണോ ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയതെന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പരിശോധിക്കുകയാണ്. എന്തായാലും ബൈജുവിനെ തിരിച്ചെത്തിക്കാനുള്ള നീക്കം ഇ ഡിയും കേന്ദ്ര സർക്കാരും ഇടൻ തന്നെ ശക്തമാക്കിയേക്കുമെന്നാണ് വ്യക്തമാകുന്നത്.

അതിനിടെ ഗ്രൂപ്പ് സി ഇ ഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ നീക്കാനായി നിക്ഷേപകർ ഇന്ന് എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗ് (ഇജിഎം) വിളിച്ചിട്ടുണ്ട്. ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്‍റെ പാരന്‍റ് കമ്പനിയിൽ 30% ഓഹരിയുള്ള നിക്ഷേപകരാണ് ഇന്ന് ഇജിഎം വിളിച്ചിരിക്കുന്നത്. ഓൺലൈനായാണ് ഇന്ന് ഇ ജി എം നടക്കുക. ഗ്രൂപ്പ് സി ഇ ഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്‍റെ പ്രധാന അജണ്ടയെന്നാണ് വിവരം. ബൈജുവിനൊപ്പം തന്നെ സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽ നാഥ് എന്നിവരെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കാനാണ് ആലോചന.

എന്നാൽ ഇന്ന് ചേരുന്ന ഇ ജി എം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബൈജു രവീന്ദ്രനും ബൈജൂസിന്‍റെ ഔദ്യോഗിക ഭാരവാഹികളും. ഇന്ന് ചേരുന്ന ഇ ജി എം നിയമവിരുദ്ധമെന്നാണ് ബൈജൂസ് വാർത്താക്കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. ബൈജു രവീന്ദ്രനടക്കമുള്ള ബോർഡ് മെമ്പർമാരില്ലാതെ നടക്കുന്ന ഇ ജി എമ്മിൽ വോട്ടെടുപ്പ് നടന്നാൽ അത് നിയമപരമല്ലെന്നും ഇവർ വാദിക്കുന്നു. ബൈജു രവീന്ദ്രനടക്കമുള്ള ബോർഡ് മെമ്പർമാരില്ലാതെയുള്ള ഇ ജി എമ്മിലെ തീരുമാനങ്ങൾ കമ്പനികാര്യ നിയമ പ്രകാരം നിലനിൽക്കുന്നതല്ലെന്നും ബൈജൂസ് വാർത്താക്കുറിപ്പിലൂടെ പറഞ്ഞിട്ടുണ്ട്.

ഇന്നത്തെ ഇ ജി എമ്മിൽ കർണാടക ഹൈക്കോടതിയും ഇതിനകം ഇടപെട്ടിട്ടുണ്ട്. ഇന്നത്തെ ഇ ജി എമ്മിൽ എടുക്കുന്ന തീരുമാനങ്ങൾ അന്തിമ ഉത്തരവ് വരുന്നത് വരെ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഇ ജി എം ചേരുന്നതിന് തടസ്സമില്ലെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Byju raveendran left from india after ed look out notice and now in dubai

More Stories from this section

family-dental
witywide