ബെംഗളൂരു: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെ ഗ്രൂപ്പ് സി ഇ ഒ സ്ഥാനത്ത് നിന്ന് നീക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് നിക്ഷേപകർ. ബൈജൂസിന്റെ പ്രധാന ഓഹരി ഉടമകളായ പ്രോസസ് എൻ.വി, പീക് എക്സ്.വി എന്നിവർ ഉൾപ്പെടെയാണ് അനുകൂലമായി വോട്ട് ചെയ്തത്.
മീറ്റിംഗ് ബഹിഷ്കരിച്ച ബൈജുവിനോടുള്ള അതൃപ്തിയുടെ മറ്റൊരു വ്യക്തമായ സൂചന കൂടിയായിരുന്നു പ്രമേയത്തെ അനുകൂലിച്ചുള്ള വോട്ടുകൾ.
എന്നാൽ, ജനറൽ ബോഡി തീരുമാനം അംഗീകരിക്കില്ലെന്ന് ബൈജൂസ് പത്രക്കുറിപ്പിൽ അറിയിച്ചു. അസാധാരണ ജനറൽ ബോഡി യോഗം പാസാക്കിയ പ്രമേയം സാധുവല്ലെന്നും അംഗീകരിക്കില്ലെന്നും ഓഹരി ഉടമകളിൽ ചെറിയൊരു വിഭാഗം മാത്രമാണ് പങ്കെടുത്തതെന്നും പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം, സൂം മീറ്റിങ്ങിലേക്ക് അനധികൃതമായി നുഴഞ്ഞുകയറി ബൈജൂസിലെ ഏതാനും ജീവനക്കാർ മീറ്റിങ് തടസ്സപ്പെടുത്താൻ ശ്രമിച്ചു.
ബൈജു രവീന്ദ്രനെയും കുടുംബത്തെയും ഡയറക്ടർ ബോർഡിൽ നിന്നു നീക്കണമെന്നും ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബൈജുവിനെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി ബൈജു രവീന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.