ബൈജൂസിന് അമേരിക്കൻ കോടതിയിൽ തിരിച്ചടി; വിദേശത്തേക്ക് കടത്തിയ 4440 കോടി മരവിപ്പിക്കാൻ ഉത്തരവ്

വാഷിങ്ടൺ: സാമ്പത്തിക പ്രതിസന്ധിയിൽ അടിമുടി ഉലയുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കന്‍ കോടതിയില്‍ തിരിച്ചടി. ബൈജൂസ് അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന 53.3 കോടി ഡോളര്‍ (4,440 കോടി രൂപ) ഒരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിച്ച് നിറുത്താന്‍ യുഎസ് ബാങ്ക്‌റപ്റ്റ്‌സ് കോടതി ജഡ്ജി ജോണ്‍ ഡോര്‍സി ഉത്തരവിട്ടു.

ടെക് കമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് യുഎസ് ബാങ്ക്റപ്റ്റ്സ് ജഡ്ജി ജോണ്‍ ഡോർസി നിർദേശം നൽകിയത്. ബൈജൂസ് അമേരിക്കൻ നിക്ഷേപ സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന പണമാണിത്.

അമേരിക്കന്‍ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റലാണ് ബൈജൂസിന്റെ ഈ പണം കൈകാര്യം ചെയ്തിരുന്നത്. ഈ പണം നിലവില്‍ എവിടെയെന്ന് വ്യക്തമാക്കാന്‍ കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കാംഷാഫ്റ്റ് മേധാവി വില്യം സി. മോര്‍ട്ടന്‍ പാലിച്ചിട്ടില്ല. നിര്‍ദേശം പാലിക്കാത്ത മോര്‍ട്ടനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ഒളിവിലാണ് മോര്‍ട്ടന്‍. പിടിക്കപ്പെട്ടാല്‍ കാത്തിരിക്കുന്നത് ജയിലാണ്.

ബൈജൂസ് തങ്ങള്‍ക്ക് നൽകാനുള്ള പണത്തിനു മേൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് വായ്പക്കാർ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. പണം ഫെഡറൽ കോടതിയുടെ നിയന്ത്രണത്തിലാക്കണമെന്നായിരുന്നു വായ്പാ ദായകരുടെ ആവശ്യം.

കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളും ബൈജു രവീന്ദ്രന്‍റെ സഹോദരനുമായ റിജു രവീന്ദ്രനെ ലക്ഷ്യമിട്ടുള്ളതാണ് ജഡ്ജി ഡോർസിയുടെ ഉത്തരവ്. പണം എവിടെയാണുള്ളതെന്ന് റിജു വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് കോടതി രൂക്ഷ വിമർശനം നടത്തി. ഈ പറയുന്നത് വിശ്വസിക്കാനാവില്ല എന്നാണ് ജഡ്ജി പ്രതികരിച്ചത്.