കല്‍പ്പറ്റ/ ചേലക്കര: വയനാടും ചേലക്കരയും പോളിംഗ് ബൂത്തുകളിലേക്ക് എത്തിയ ആദ്യമണിക്കൂറുകളില്‍ നീണ്ട നിരയാണ് പോളിങ് സ്റ്റേഷനുകളില്‍ കാണാനാകുന്നത്. ഇരു മണ്ഡലങ്ങളിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട്ടില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാടില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ചേലക്കരയിലാകട്ടെ ആറുപേരും. പ്രിയങ്കാ ഗാന്ധി വയനാട്ടിലെ വിവിധ പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും.
വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ 77.4 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.57 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്. കടുത്ത മത്സരം നടക്കുന്ന ചേലക്കരയിലെ വിജയം സംസ്ഥാന സര്‍ക്കാറിന് നിര്‍ണായകമാണ്.
പ്രകൃതി ദുരന്തമുണ്ടായ ചൂരല്‍മലയില്‍ പ്രത്യേക ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മുണ്ടക്കൈ ദുരന്തബാധിതരെ പോളിങ് ബൂത്തിലെത്തിക്കാന്‍ വോട്ട് വണ്ടികളുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബസുകളാണ് വോട്ട് വണ്ടികളായി തയ്യാറാക്കിയിരിക്കുന്നത്.
ചേലക്കരയില്‍ ബൂത്ത് നമ്പര്‍ 31ല്‍ വോട്ടിങ് മെഷീനിലുണ്ടായ തകരാര്‍ പരിഹരിച്ചു. ആദ്യ വോട്ടര്‍ വോട്ട് ചെയ്ത് മടങ്ങി. പാമ്പാടിയിലെ 116-ാം നമ്പര്‍ ബൂത്തിലെയും തകരാര്‍ പരിഹരിച്ചിട്ടുണ്ട്.