കല്‍പ്പറ്റ: ഉപതിരഞ്ഞെടപ്പു നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്നു പരസ്യപ്രചാരണം അവസാനിക്കും. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ വോട്ടുതേടിയുള്ള പാച്ചിലിലാണ് മുന്നണികള്‍. നാളെ ഒരു പകലിനപ്പുറം വിധി കുറിക്കലിലേക്ക് നീങ്ങും.
ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കലാശക്കൊട്ടുയരുന്നത്. വയനാട്ടിലെ ബത്തേരിയില്‍ രാവിലെ പത്തിനും കോഴിക്കോട് തിരുവമ്പാടിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനും നടക്കുന്ന റോഡ് ഷോകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി വൈകിട്ട് നാലിനു കല്‍പറ്റയില്‍ റോഡ് ഷോ നടത്തും. ബത്തേരി ചുങ്കത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ പ്രചാരണത്തിന് സമാപനം കുറിക്കുക.
അതേസമയം, ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപിനുവേണ്ടി കഴിഞ്ഞ 2 ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രചാരണത്തിനു നേതൃത്വം നല്‍കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. എന്‍ഡിഎയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തൃശൂരിലെ ജയത്തിന്റെ ആവേശം ചേലക്കരയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി കെ.ബാലകൃഷ്ണന്‍.
കല്‍പ്പാത്തി രഥോത്സവത്തെത്തുടര്‍ന്ന് മാറ്റിവെച്ച പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് 20നാണ് നടക്കുക.