വാർഡ് വിഭജനത്തിന് മന്ത്രിസഭയുടെ അംഗീകാരം, കമ്മീഷൻ രൂപീകരിക്കാനും തീരുമാനം; കൃത്രിമം കാട്ടിയാൽ നിയമ നടപടിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. വാർഡ് വിഭജനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അധ്യക്ഷനായ കമ്മീഷൻ രൂപീകരിക്കാനും ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് കൂടും. സംസ്ഥാനത്ത് ജനസംഖ്യാനുപതികമായി തദ്ദേശ ഭരണ വാർഡുകൾ പുനർനിർണയിക്കുന്നതിനുള്ള തീരുമാനമാണ് മന്ത്രിസഭ കൈകൊണ്ടത്. നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങൾ വർദ്ധിക്കും. ഇവർക്ക് ഓണറേറിയം നൽകാൻ അഞ്ചു വർഷം 67 കോടിരൂപ അധികം വേണ്ടിവരും.

അതേസമയം തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നുവയ്ക്കുന്നതെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും സതീശൻ വ്യക്തമാക്കി. പുനര്‍നിണയത്തിന്റെ പേരില്‍ കൃത്രിമം കാട്ടാന്‍ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ വാര്‍ഡ് പുനര്‍നിര്‍ണയം യു.ഡി.എഫ് അനുവദിക്കൂ. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓരോരുത്തരുടെ സൗകര്യത്തിന് വാര്‍ഡ് ഉണ്ടാക്കുന്ന പഴയ രീതി പിന്തുടരാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

More Stories from this section

family-dental
witywide