ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയിലെ മാര്‍ക്കറ്റില്‍ പട്രോളിംഗിനിടെ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഛത്തീസ്ഗഢ് സായുധ സേന (സിഎഎഫ്) ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. സിഎഎഫ് ടീമിനെ നയിച്ചിരുന്ന കമ്പനി കമാന്‍ഡര്‍ തിജൗ റാം ഭുര്യയാണ് കൊല്ലപ്പെട്ടത്. നക്‌സലുകള്‍ കോടാലി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സിഎഎഫിന്റെ നാലാം ബറ്റാലിയനിലായിരുന്നു തിജാവു റാം ഭുര്യ.
കുറ്റ്രു പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ചന്തയില്‍ സുരക്ഷയ്ക്കായി സിഎഎഫ് സംഘത്തെ വിന്യസിച്ച് പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. രാവിലെ 9.30 ഓടെയായിരുന്നു ആക്രമണം.
സംഭവത്തെത്തുടര്‍ന്ന്, അക്രമികള്‍ക്കായി അധികൃതര്‍ തിരച്ചില്‍ ആരംഭിക്കുകയും പ്രദേശത്ത് പട്രോളിംഗ് നടത്തുകയും ചെയ്തു. കഴിഞ്ഞ മാസം സംസ്ഥാനത്തെ സുക്മ മേഖലയില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.