മമതയ്ക്ക് കനത്ത അടി; ബംഗാളിലെ 2016 ലെ അധ്യാപക നിയമനം കോടതി റദ്ദാക്കി, 25753 പേരുടെ ജോലി പോകും

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മമത ബാനർജിക്ക് വലിയ തിരിച്ചടിയായി കൽക്കട്ട ഹൈക്കോടതി വിധി. എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള 2016 ലെ റിക്രൂട്ട്‌മെൻ്റ് പാനൽ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. അധ്യാപകർ, ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി വിഭാഗത്തിലെ ജീവനക്കാർ ഉൾപ്പെടെ നിയമിതരായ 25,753 പേർക്കു ജോലി നഷ്‌ടപ്പെടും.ജോയിൻ ചെയ്‌തതിനുശേഷം അവർ കൈപ്പറ്റിയ ശമ്പളം 12% പലിശ സഹിതം തിരികെ നൽകണമെന്നും കോടതി ഉത്തരവിൽ ആവശ്യപ്പെട്ടു.

മമത ബാനർജി സർക്കാരിൻ്റെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിലെ നിയമനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം തുടരാനും സിബിഐയോട് കോടതി നിർദേശിച്ചു.

വളരെ കോളിളക്കം സൃഷ്ടിച്ച നിയമനങ്ങളായിരുന്നു ഇത്. വലിയ അഴിമതി അന്നു മുതൽ ഈ നിയമനത്തിന്റെ പേരിൽ ആരോപിക്കപ്പെട്ടിരുന്നു. അതു ശരി വയ്ക്കുന്നതാണ് ഇന്നത്തെ വിധി. ജസ്റ്റിസുമാരായ ദേബാങ്സു ബസക്, എംഡി ഷബ്ബാർ റഷീദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

“ഒഎംആർ ഷീറ്റുകളിൽ കൃത്രിമം കാണിച്ചാണ് നിയമനങ്ങൾ നടത്തിയത്. എംപാനൽ ചെയ്യാത്ത ഉദ്യോഗാർത്ഥികളെ നിയമിക്കുകയും പാനൽ കാലഹരണപ്പെട്ട ശേഷം നിയമനം നടത്തുകയും റാങ്കിംഗിൽ കൃത്രിമം കാണിക്കുകയും ചെയ്തു.” വാദിഭാഗം അഭിഭാഷകൻ പറയുന്നു.

24,640 ഒഴിവുകളിലേക്കുള്ള സംസ്ഥാനതല 2016 ലെ പരീക്ഷയിൽ 23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തിരുന്നു. ആകെ 25,753 നിയമന കത്തുകൾ നൽകിയതായി ഹരജിക്കാരിൽ ചിലരുടെ അഭിഭാഷകൻ ഫിർദൗസ് ഷമീം പറഞ്ഞു. നിയമനം കിട്ടാതായ ഒരുപാട് ഉദ്യോഗാർഥികൾ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് കേട്ട് കോടതിക്ക് പുറത്ത് കാത്തുനിന്ന നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ സന്തോഷത്താൽ പൊട്ടിക്കരയുന്നത് കാണാമായിരുന്നു.

“ഞങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. വർഷങ്ങളായി തെരുവിലെ സമരത്തിനൊടുവിൽ നീതി ലഭിച്ചിരിക്കുന്നു,’ അവർ പറഞ്ഞു.

മുൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെയും ചില ഉദ്യോഗസ്ഥരെയും കേന്ദ്ര അന്വേഷണ ഏജൻസി ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

Calcutta High Court has cancelled controversial 2016 teacher recruitment panel

More Stories from this section

family-dental
witywide