‘യേശുവിൻ്റെ നാമത്തിൽ’ പ്രാർത്ഥിക്കുന്നത് നിർത്താൻ കാലിഫോർണിയ സിറ്റി മാനേജർ ചാപ്ലൈൻമാരോട് ആവശ്യപ്പെട്ടു

കാലിഫോർണിയ: കാലിഫോർണിയയിലെ കാൾസ്ബാഡിലുള്ള പോലീസ്, ഫയർ ചാപ്ലൈൻമാർ യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നത് നിർത്താൻ സിറ്റി മാനേജർ ഉത്തരവിട്ടു. മതനിരപേക്ഷതയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നതിനാലാണ് ഈ തീരുമാനം.

പാസ്റ്റർ ജെ സി കൂപ്പർ ആറ് വർഷമായി പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വൊളണ്ടിയർ ചാപ്ലൈനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്. കഴിഞ്ഞ ദിവസം, ഒരു പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അവാർഡ് ദാനചടങ്ങിനൊടുവിൽ പ്രാർഥന നടത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചാണ് അദ്ദേഹം പ്രാർത്ഥന അവസാനിപ്പിച്ചത്. ആ സംഭവത്തിനു ശേഷം യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിറ്റി മാനേജർ പാസ്റ്റർ കൂപ്പറിനോട് പറഞ്ഞതായി കൂപ്പർ പരാതിപ്പെട്ടു.

ഒരു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് ശത്രുതാപരമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് ഈ നടപടിയെന്ന് സിറ്റി മാനേജർ വ്യക്തമാക്കുന്നു. ദൈവം എന്നതിന് ഏതെങ്കിലും പ്രത്യേക മതത്തെ സൂചിപ്പിക്കാത്ത മറ്റു പദങ്ങൾ ഉപയോഗിച്ച് പ്രാർഥന നടത്താമെന്ന് സിറ്റി മാനേജർ സ്കോട്ട് ചാഡ്‌വിക് അറിയിച്ചു.

പി.പി ചെറിയാൻ