കാലിഫോർണിയയിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം; നാലംഗ കുടുംബം ഇലക്ട്രിക് കാറപകടത്തിൽ മരിച്ചു

കലിഫോർണിയ: പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. തരുൺ ജോര്‍ജ്  ഭാര്യ റിൻസി ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂട്ട്ഹിൽ റോഡിൽ ബുധനാഴ്ച രാത്രി 9 മണിയോടെ ഇവര്‍ സഞ്ചരിച്ച ഇലക്ട്രിക് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. പത്തനംതിട്ട കൊടുമൺ ചെറുകര ജോർജിൻ്റേയും അനിതയുടേയും മകനാണ് തരുൺ. ഇവരിപ്പോൾ ചെന്നൈ അണ്ണാനഗർ ഈസ്റ്റിലാണ് താമസിക്കുന്നത്.

അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. കാർ ഒരു പോളിലിടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ ഓക്ക് മരത്തിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. എന്നാൽ ഈ കുടുംബത്തിൻ്റെ സുഹൃത്തുകളും കുട്ടികൾ പഠിക്കുന്ന സ്കൂളിലെ മറ്റ് വിദ്യാർഥികളും അപകട സ്ഥലം സന്ദർശിച്ച് പൂക്കളും തിരികളും അർപ്പിക്കുന്നുണ്ട്. പ്ലസന്റൺ യുണിഫൈഡ് സ്കൂളിലെ എലമെൻ്ററി, മിഡിൽ സ്കൂൾ വിദ്യാർഥികളായിരുന്നു മരിച്ച കുട്ടികൾ.

“ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടും.’’– പ്ലസന്റൺ പൊലീസ് അറിയിച്ചു.

മദ്യവും മറ്റു പ്രശ്നങ്ങളും അപകടത്തിന് കാരണമായതായി വിശ്വസിക്കുന്നില്ലെന്ന് പോലീസ് സാൻ ഫ്രാൻസിസ്കോ ക്രോണിക്കിളിനോട് പറഞ്ഞു. ഫൗൾ പ്ലേ സംശയിക്കുന്നില്ല.

കാർ മരത്തിൽ ഇടിക്കുന്നതിന് മുമ്പ് ഒരു പോളിൽ ഇടിക്കുകയും തീപിടിക്കുകയും ചെയ്തതായി വീഡിയോയിൽ കാണുന്നതായി ക്രോൺ 4 റിപ്പോർട്ട് പറയുന്നു.

വളവുകളും മരങ്ങൾ നിറഞ്ഞതുമായ ഫുട്ട്ഹിൽ റോഡിലൂടെ നിരവധി ഡ്രൈവർമാർ അമിതവേഗതയിൽ സഞ്ചരിക്കുന്നതായി പരിസരവാസികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി മാരകമായ അപകടങ്ങൾ ഈ റോഡിൽ പതിവായി നടക്കുന്നു

‘തരുൺ വളരെ നല്ല വ്യക്തിയാണ്. എപ്പോഴും ഊർജ്ജസ്വലൻ. കൂടെ പ്രവർത്തിക്കാനും സംഭാഷണങ്ങൾ നടത്താനും ഏറെ സന്തോഷം തോന്നിയ വ്യക്തി,.’ സുഹൃത്ത് ഹസൻ ഷെയ്ക്ക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

സുഹൃത്തുക്കളും അയൽവാസികളും കുട്ടികളും അപകടസ്ഥലത്ത് ആദരാഞ്ജലികൾ അർപ്പിച്ചു. കുട്ടികളിൽ ഒരാൾ മിഡിൽ സ്കൂളിലും മറ്റൊരാൾ എലിമെൻ്ററിയിലും ആയിരുന്നുവെന്ന് പ്ലസൻ്റൺ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ് പറയുന്നു

More Stories from this section

family-dental
witywide