18 വർഷമായി അടച്ചത് അയൽക്കാരന്റെ വൈദ്യുതി ബില്ല്; ഞെട്ടലോടെ യുഎസ് യുവാവ്

കാലിഫോർണിയ: യുഎസിലെ വാകവില്ലിൽ താമസിക്കുന്ന കെൻ വിൽസൺ എന്ന യുവാവ് 18 വർഷമായി അടച്ചുകൊണ്ടിരിക്കുന്നത് അയൽക്കാരന്റെ വീട്ടിലെ വൈദ്യുതി ബിൽ. ഒരിക്കൽ ബില്ലിൽ വലിയ തുക വന്നത് ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തനിക്ക് പറ്റിയ അമളി മനസിലായത്.

ബില്ലിൽ വലിയ വർധനവ് കണ്ടതിനെ തുടർന്ന് കെൻ വിൽസൺ, പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനിയിൽ ചെല്ലുന്നത്. ഉപഭോഗം കുറക്കാനുള്ള മാർഗങ്ങൾ തേടിയാണ് കെൻ ഓഫിസിലെത്തിയത്. എന്നാൽ അത്കൊണ്ടൊന്നും ബിൽ തുകയിൽ വ്യത്യാസം വരുത്താൻ സാധിക്കുന്നില്ല എന്ന് മനസിലാക്കിയപ്പോൾ കെൻ കാര്യമായ അന്വേഷണം തുടങ്ങി.

വൈദ്യുതി ഉപയോഗം കൃത്യമായി മനസിലാക്കാൻ ഒരു ഉപകരണം വാങ്ങി. ബ്രേക്കർ ഓഫാകുമ്പോഴും മീറ്റർ തുടർച്ചയായി കറങ്ങിക്കൊണ്ടിരിക്കുന്ന കാര്യവും ശ്രദ്ധയിൽ പെട്ടു. പരാതിപ്പെട്ടപ്പോൾ പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനിയുടെ പ്രതിനിധി വീട്ടിലെത്തി. അപ്പോഴാണ് 2009 മുതൽ കെൻ വിൽസൻ അടക്കുന്നത് തൊട്ടപ്പുറത്തെ അപാർട്മെന്റിൽ താമസിക്കുന്നയാളുടെ വൈദ്യുതി ബില്ലാണെന്ന് മനസിലാകുന്നത്.

ഉപഭോക്താവിന്റെ അപ്പാർട്ട്മെന്റ് മീറ്റർ നമ്പർ മറ്റൊരു അപാർട്ട്മെന്റിലെ നമ്പറുമായി മാറിപോയിയെന്നും 2009 മുതൽ ആ അപാർട്ട്മെന്റിന്റെ ബില്ലാണ് കെൻ അയച്ചതെന്നും കമ്പനി കണ്ടെത്തി. കമ്പനി തങ്ങളുടെ തെറ്റ് അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇത്തരം തെറ്റ് ഇനി വരാതിരിക്കാൻ മറ്റ് ഉപഭോക്താക്കളുടെയും മീറ്റർ നമ്പർ പരിശോധിക്കുമെന്ന് കമ്പനി പറഞ്ഞു.

More Stories from this section

family-dental
witywide