കാലിഫോര്‍ണിയ: രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് വീട് വാങ്ങാന്‍ അനുമതി നല്‍കുന്ന വിവാദ ബില്‍ പാസാക്കി കാലിഫോര്‍ണിയ സെനറ്റ്. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് സംസ്ഥാനത്തിന്റെ ‘സീറോ-ഡൗണ്‍, സീറോ-ഇന്ററസ്റ്റ് ഹോം ലോണ്‍ പ്രോഗ്രാം’ പ്രയോജനപ്പെടുത്താന്‍ അനുവദിക്കുന്ന ബില്ലാണിത്. ബുധനാഴ്ച സ്റ്റേറ്റ് സെനറ്റ് പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ പരിഗണനയ്ക്കാന്‍ നല്‍കി. പാസ്സായാല്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് സംസ്ഥാന പിന്തുണയോടെ വീട് വാങ്ങാന്‍ വായ്പ നല്‍കുന്ന ആദ്യ സംസ്ഥാനമായി കാലിഫോര്‍ണിയ മാറും.
‘ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ വീട്ടുടമസ്ഥതയുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണം,’- ബില്ല് കൊണ്ടുവന്ന അസംബ്ലി അംഗം ജോക്വിന്‍ അരംബുലോ പറഞ്ഞു. ‘ഫെഡറല്‍ നിയന്ത്രണങ്ങള്‍ കാരണം രേഖകളില്ലാത്ത വ്യക്തികളെ ഭവന സംരംഭങ്ങളില്‍ നിന്ന് ചരിത്രപരമായി നീക്കം ചെയ്തിട്ടുണ്ട്, എല്ലാ വായ്പക്കാര്‍ക്കും പ്രയോജനം ഉറപ്പാക്കുന്നത് കാലിഫോര്‍ണിയയുടെ മൊത്തത്തിലുള്ള വിജയത്തിനു കാരണമാകും.’ – ജോക്വിന്‍ കൂട്ടിച്ചേര്‍ത്തു.