‘കഞ്ചാവിന്റെ ലഹരിയിൽ ചെയ്തത്’; കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയ യുവതിയെ ജയിൽശിക്ഷയിൽ നിന്നൊഴിവാക്കി

കാലിഫോർണിയ: കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട കാലിഫോർണിയ യുവതിയെ ജഡ്ജി വെറുതെ വിട്ടു. കാമുകനെ കുത്തിക്കൊല്ലുമ്പോൾ യുവതി കഞ്ചാവിന്റെ ലഹരിയിൽ ആയിരുന്നെന്നും സ്വബോധത്തിലല്ല കുറ്റം ചെയ്തതെന്നും സ്വന്തം ചെയ്തികളിൽ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് കോടതി യുവതിയെ വെറുതെവിട്ടത്.

വെഞ്ചുറ കൗണ്ടി സുപീരിയർ കോടതി ജഡ്ജ് ഡേവിഡ് വർലിയാണ് ബ്രയാൻ സ്പെച്ചറിന് നിസ്സാര ശിക്ഷ വിധിച്ചത്. സംഭവം നടക്കുന്ന സമയത്ത് യുവതിക്ക് തന്‍റെ പ്രവൃത്തികളിൽ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ ബ്രയാൻ സ്പെച്ചർ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ഡിസംബറിൽ കോടതി വിധിച്ചിരുന്നു. അന്ന് ശിക്ഷ വിധിച്ചിരുന്നില്ല. രണ്ട് വർഷത്തെ നല്ലനടപ്പും 100 മണിക്കൂർ സാമൂഹിക സേവനവുമാണ് ബ്രയാൻ സ്പെച്ചർ എന്ന യുവതിക്ക് കോടതി വിധിച്ചത്.

2018 മേയ് 28നാണ് ഓഡിയോളജിസ്റ്റായ ബ്രയാൻ സ്പെച്ചർ 26കാരനുമായ ചാഡ് ഒമേലിയ എന്ന യുവാവിനെ കൊലപ്പെടുത്തിയത്. സംഭവദിവസം ഇരുവരും ചേർന്ന് തൗസന്‍റ് ഓക്ക്സിലെ അപ്പാർട്ട്മെന്‍റിൽ വെച്ച് കഞ്ചാവ് വലിച്ചിരുന്നു. ഇതേത്തുടർന്ന് അസാധാരണമായ വിഭ്രമാവസ്ഥയിലായ ബ്രയാൻ സ്പെച്ചർ കത്തിയെടുത്ത് ചാഡ് ഒമേലിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 108 തവണയാണ് ഇവർ യുവാവിനെ കുത്തിയത്.

പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ കണ്ടത് വിഭ്രമാവസ്ഥയിൽ രക്തത്തിൽ കുളിച്ചുനിൽക്കുന്ന ബ്രയാൻ സ്പെച്ചറിനെയാണ്. പൊലീസിനെ കണ്ടതും ഇവർ കത്തിയുപയോഗിച്ച് സ്വയം കഴുത്തുമുറിക്കാനും ശ്രമിച്ചു. സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.

ബ്രയാൻ സ്പെച്ചർ ആൺ സുഹൃത്തിന്റെ നിർബന്ധം കാരണമാണ് കഞ്ചാവ് വലിച്ചതെന്ന് അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഒമേലിയ സ്ഥിരം കഞ്ചാവ് വലിക്കുന്നയാളായിരുന്നെന്നും തന്നെ കൂടുതൽ വലിക്കാൻ നിർബന്ധിച്ചിരുന്നെന്നും യുവതി പറഞ്ഞു. കഞ്ചാവ് വലിച്ചതോടെ ഇവർ വിഭ്രമാവസ്ഥയിലായെന്ന് മെഡിക്കൽ റിപ്പോർട്ടുമുണ്ടായിരുന്നു. കേൾക്കാത്ത പല ശബ്ദങ്ങളും കേൾക്കുകയും, ചെയ്യുന്ന കാര്യങ്ങൾക്ക് നിയന്ത്രണമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് ആൺസുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്.

കോടതിയിൽ പൊട്ടിക്കരഞ്ഞ ബ്രയാൻ സ്പെച്ചർ ചാഡ് ഒമേലിയയുടെ കുടുംബത്തോട് മാപ്പുപറഞ്ഞു. ‘എന്‍റെ പ്രവൃത്തികൾ നിങ്ങളുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കി. ഞാൻ ഉള്ളിൽ തകർന്നിരിക്കുകയാണ്. ചാഡിനെ ഇനിയൊരിക്കലും കാണാതിരിക്കുന്നതിന് കാരണക്കാരിയാണ് ഞാനെന്നത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു’ -സ്പെച്ചർ പറഞ്ഞു.

അതേസമയം, ചാഡ് ഒമേലിയയുടെ കുടുംബം വിധിയെ വിമർശിച്ച് രംഗത്തെത്തി. കഞ്ചാവ് വലിക്കുന്ന എല്ലാവർക്കും കൊലപാതകം നടത്താനുള്ള ലൈസൻസാണ് കോടതി നൽകിയിരിക്കുന്നതെന്നും വിധിക്ക് വ്യാപക പ്രത്യാഘാതമുണ്ടാകുമെന്നും ഒമേലിയയുടെ പിതാവ് പ്രതികരിച്ചു.