‘സെക്യൂരിറ്റിയെ വിളിക്കൂ’; അഭിഭാഷകനോട് പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്; മറുപടിയായി ബൈബിളിലെ വാക്കുകൾ

ന്യൂഡൽഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ച അഭിഭാഷകനെതിരെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പൊട്ടിത്തെറിച്ചു. ഒരു ഹർജിക്കാരനെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകൻ നരേന്ദർ ഹൂഡ ബെഞ്ചിനെ വാദം പറയുന്ന സമയത്ത് മാത്യൂസ് നെടുമ്പാറ തടസ്സപ്പെടുത്തുകയായിരുന്നു.

കോടതിയിലെ എല്ലാ അഭിഭാഷകരിലും ഏറ്റവും മുതിർന്നയാളാണ് താനെന്ന് ബെഞ്ചിൻ്റെ ചോദ്യത്തിന് മറുപടിയായി മാത്യൂസ് നെടുമ്പാറ പറഞ്ഞു. “ഞാൻ ഉത്തരം പറയാം. ഞാനാണ് അമിക്കസ്.” ഒരു അമിക്കസിനെയും നിയമിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചടിച്ചു. “നിങ്ങൾ എന്നെ ബഹുമാനിക്കുന്നില്ലെങ്കിൽ, ഞാൻ പോകും,”മാത്യൂസ് നെടുമ്പാറ പറഞ്ഞു.

ഇതോടെയാണ് ചീഫ് ജസ്റ്റിസിൻ്റെ രൂക്ഷ പ്രതികരണം. “മിസ്റ്റർ നെടുമ്പാറ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. കോടതിയുടെ ചുമതല എനിക്കാണ്. ദയവായി സെക്യൂരിറ്റിയെ വിളിക്കൂ, അഅദ്ദേഹത്തെ കോടതിയിൽ നിന്ന് പുറത്താക്കൂ,” ചീഫ് ജസ്റ്റിസ് പറഞ്ഞു. താൻ പോകുന്നു എന്ന് മാത്യൂസ് നെടുമ്പാറ മറുപടി നൽകി. “അത് പറയേണ്ടതില്ല, നിങ്ങൾക്ക് പോകാം, കഴിഞ്ഞ 24 വർഷമായി ഞാൻ ജുഡീഷ്യറി കാണുന്നു. ഈ കോടതിയിൽ നടപടിക്രമങ്ങൾ തീരുമാനിക്കാൻ അഭിഭാഷകരെ അനുവദിക്കാൻ എനിക്ക് കഴിയില്ല” എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇതിനിടെ, താൻ 1979 മുതൽ ജുഡീഷ്യറിയിലുണ്ടെന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ച് മാത്യു ഇറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും തിരിച്ചെത്തിയ മാത്യു ബെഞ്ചിനോട് ഖേദപ്രകടനം നടത്തുകയും ചെയ്തു. “പിതാവേ, ഇവരോട് ക്ഷമിക്കൂ, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല” എന്ന ബൈബിൾ വാചകം ഉപയോഗിച്ചു. പിന്നീട് വാദത്തിന് അവസരം ലഭിച്ചപ്പോൾ പുനഃപരീക്ഷ എന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.

More Stories from this section

family-dental
witywide