കൊൽക്കത്ത: അപരിചിതയായ സ്ത്രീയെ ഡാർലിങ് എന്ന് വിളിക്കുന്നത് കുറ്റകരമാണെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 എ, 509 വകുപ്പുകൾ പ്രകാരം ക്രിമിനൽ കുറ്റമാണെന്നും കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി.
മദ്യലഹരിയിലായിരുന്ന വനിതാ കോൺസ്റ്റബിളിനെ ഡാർലിങ് എന്ന് വിളിച്ച ജനക് റാം എന്നയാളുടെ ശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതിയുടെ പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്റ്റിസ് ജയ് സെൻഗുപ്തയാണ് ഈ നിരീക്ഷണം നടത്തിയത്.
സെക്ഷൻ 354 എ പ്രകാരം ലൈംഗിക ചുവയുള്ള പരാമർശങ്ങൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് ജസ്റ്റിസ് സെൻഗുപ്ത പറഞ്ഞു.
മദ്യപിച്ചോ അല്ലാതെയോ ഒരു അജ്ഞാത സ്ത്രീയെ, അതിപ്പോൾ ഒരു പോലീസ് കോൺസ്റ്റബിൾ ആയാലും അല്ലെങ്കിലും, ഒരു പുരുഷൻ തെരുവിൽ ‘ഡാർലിങ്’ എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തികച്ചും അധിക്ഷേപകരമാണെന്നും ഉപയോഗിക്കുന്ന വാക്ക് അടിസ്ഥാനപരമായി ലൈംഗിക ചുവയുള്ള പരാമർശമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
തത്കാലം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഒരു അപരിചിതന് തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയെ അത്തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു. ജനക് റാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും വിധിച്ചു.