ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം അവസാനിച്ചു. 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനാണ് ഇന്ന് കൊടിയിറങ്ങിയത്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യുപി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുക. ശേഷം ഏഴ് ഘട്ടങ്ങളിലായുള്ള ജനവിധിയുടെ അടിസ്ഥാനത്തിൽ രാജ്യം ആര് ഭരിക്കുമെന്ന് ചൊവ്വാഴ്ചയറിയാം.
മൂന്നാം മോദി സർക്കാരെന്ന അവകാശവാദം ബി ജെ പിയും എൻ ഡി എയും മുന്നോട്ട് വയ്ക്കുമ്പോൾ മോദി സർക്കാരിന്‍റെ ദുർഭരണം അവസാനിപ്പിച്ച് പ്രതിപക്ഷം അധികാരത്തിലേറുമെന്നാണ് ഇന്ത്യ സഖ്യം പറയുന്നത്. മൂന്നാം സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങടക്കം പ്ലാൻ ചെയ്തുകൊണ്ടാണ് ബി ജെ പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങെങ്കില്‍ ഇക്കുറി കര്‍ത്തവ്യപഥില്‍ നടത്താനാണ് നീക്കം. ജന പങ്കാളിത്തം കൂട്ടാനാണ് ഇക്കുറി ചടങ്ങ് കര്‍ത്തവ്യ പഥിലേക്ക് മാറ്റുന്നത്. മോദി സർക്കാരാണ് അധികാരത്തിലേറുന്നതെങ്കിൽ ജൂൺ ഒന്‍പതിനോ, പത്തിനോ സത്യ പ്രതിജ്ഞ നടക്കാനാണ് സാധ്യത.
അവസാന കൂട്ടിക്കിഴക്കലുകളില്‍ 300 ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷ. ഫലം വരുന്നതോടെ ഇന്ത്യസഖ്യത്തിനൊപ്പം എന്‍ ഡി എയിലെ ചില കക്ഷികള്‍ ചേരുമെന്നാണ് അവകാശവാദം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കൂട്ടായ ചര്‍ച്ചയിലൂടെ സഖ്യം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു.
Campaign Ends for Lok Sabha 2024 Elections