ഗാസ യുദ്ധം; യുഎസ് ക്യാംപസുകളിൽ പ്രതിഷേധം പടരുന്നു; വ്യാപക അറസ്റ്റ്

ഇസ്രയേൽ പലസ്തീനിൽ തുടരുന്ന നരഹത്യയ്ക്ക് എതിരെ യുഎസ് സർവകലാശാലകളിൽ പ്രതിഷേധം വ്യാപിക്കുന്നു. ടെക്സസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ, ഹാർവാഡ്, എംഐടി , ബ്രൂക്ലിൻ ക്യാംപസുകളിൽ പ്രതിഷേധം അലയടിച്ചു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. മുഖ്യ സമര കേന്ദ്രമായ കൊളംബിയ സർവകലാശാലയുടെ ക്യാംപസുകളിലും പരിസരത്തും പ്രതിഷേധക്കാർ ഉയർത്തിയ സമര കൂടാരങ്ങൾ വെള്ളിയാഴ്ചക്കുള്ളിൽ പൊളിച്ചു മാറ്റമണമെന്ന് അന്ത്യശാസനം നൽകിയിട്ടുണ്ട്.

ന്യൂയോർക് സർവകലാശാലയിലെ 150ൽ പരം വിദ്യാർഥികളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. യെയ്ൽ സർവകലാശാലയിൽ പ്രതിഷേധക്കാരെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു.

ബുധനാഴ്ച ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധക്കാരെയും ഒരു പ്രാദേശിക വാർത്താ ഫോട്ടോഗ്രാഫരെയും ഉൾപ്പെടെ ഒരു ഡസനിലധികം ആളുകളെ അറസ്റ്റ് ചെയ്തു നീക്കി.നൂറുകണക്കിന് പൊലീസുകാർ ക്യാംപസിൽ എത്തിയിരുന്നു. ചിലർ കുതിരപ്പുറത്തു കയറി സമരക്കാരുടെ ഇടയിലേക്ക് ചെന്ന് അവരെ ബാറ്റൺകൊണ്ട് നേരിടുന്നുണ്ടായിരുന്നു. പ്രതിഷേധക്കാരെ പ്രധാന ക്യാംപസിൻ്റെ പുൽത്തകിടിയിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം പലസ്തീൻ അനുകൂല പ്രതിഷേധത്തിൻ്റെ വർദ്ധിച്ചുവരുന്ന തരംഗത്തിൻ്റെ ഭാഗമായി ഹാർവാർഡിലും മിനസോട്ടയിലും എംഐടിയിലും പുതിയ സമരകൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു. പല യൂണിവേഴ്സിറ്റികളും ക്ളാസുകൾ ഓൺലൈനാക്കി.

ഇസ്രയേൽ സൈന്യത്തിന് സഹായം നൽകുന്ന കമ്പനികളുമായി സഹകരിക്കാതിരിക്കുക, ഇസ്രയേലിൽ നിന്ന് ലഭിക്കുന്ന പണം എന്തിനെല്ലാം വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് വെളിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരം ചെയ്യുന്ന വിദ്യാർഥികൾ ഉയർത്തുന്നുണ്ട്. എംഐടിയിൽ ഇസ്രയേൽ സഹകരണത്തോടെ നടക്കുന്ന ഡ്രോൺ, മിസൈൽ ഗവേഷണ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വിദ്യാർഥികൾ പുറത്തു വിട്ടിരുന്നു.

സെനറ്റിലെ ഇസ്രയേൽ അനുകൂല നേതാവ് ചക് ഷുമറിൻ്റെ ബ്രുക്ലിൻ വസതിക്കു പുറത്ത് ചൊവ്വാഴ്ച രണ്ടായിരത്തോളം പ്രതിഷേധക്കാർ ധർണ നടത്തിയിരുന്നെങ്കിലും ഇസ്രയേലിനുള്ള സഹായ ധനം അടക്കം ഏതാണ്ട് 95 ബില്യൺ യുഎസ് ഡോളേഴ്സ് വിദേശ സാമ്പത്തിക സഹായം യുഎസ് കോൺഗ്രസ് പാസാക്കി.

Campus Protest Grow On Gaza War

More Stories from this section

family-dental
witywide