വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്രംപിന്റെ ഏറ്റവും വലിയ അടുപ്പക്കാരനാണ്. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന മറ്റൊരാള്‍ ഉണ്ടോ എന്നതും സംശയം. ട്രംപിനൊപ്പം പൊതു-സ്വകാര്യ പരിപാടികളില്‍ ഇപ്പോള്‍ നിറ സാന്നിധ്യവുമാണ് ഇലോണ്‍ മസ്‌ക്. അമേരിക്കയില്‍ മസ്‌കിനുള്ള സ്വാധീനവും വളരെ വലുതാണ്. അങ്ങനെയുള്ള മസ്‌കിന് ഒരു ദിവസം അമേരിക്കന്‍ പ്രസിഡന്റാകാന്‍ കഴിയുമോ? ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന ചോദ്യമാണിത്.
ഇപ്പോഴിതാ സാക്ഷാല്‍ ഡോണള്‍ഡ് ട്രംപ് തന്നെ ഇതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്. മസ്‌കിന് ഒരിക്കലും യു.എസ് പ്രസിഡന്റ് ആകാന്‍ കഴിയില്ലെന്നാണ് ട്രംപ് പറയുന്നത്. കാരണം യു.എസ് നിയമങ്ങള്‍ത്തന്നെയാണ്. യു.എസില്‍ ജനിച്ചിട്ടില്ലാത്തതിനാലാണ് മസ്‌കിന് പ്രസിഡന്റാകാന്‍ കഴിയാത്തതെന്നും ട്രംപ് വിശദീകരിച്ചു.
അരിസോണയിലെ ഫീനിക്‌സില്‍ നടന്ന റിപ്പബ്ലിക്കന്‍ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു, ”അദ്ദേഹം പ്രസിഡന്റാകാന്‍ പോകുന്നില്ല, അത് ഞാന്‍ നിങ്ങളോട് പറയാം. എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രസിഡന്റ് ആകാന്‍ കഴിയാത്തതെന്ന് നിങ്ങള്‍ക്കറിയാമോ? അദ്ദേഹം ഈ രാജ്യത്തല്ല ജനിച്ചത്” ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ടെസ്ല, സ്‌പേസ് എക്സ് മേധാവിയെക്കുറിച്ച് ട്രംപ് പറഞ്ഞു. ടെക് കോടീശ്വരനും ലോകത്തിലെ ഏറ്റവും ധനികനുമായ വ്യക്തിയെ ‘പ്രസിഡന്റ് മസ്‌ക്’ ആയി ചിത്രീകരിക്കുന്ന ഡെമോക്രാറ്റിക് ക്യാമ്പില്‍ നിന്നുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. പ്രസിഡന്റ് സ്ഥാനം മസ്‌കിന് വിട്ടുകൊടുക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളോട് പ്രതികരിച്ച ട്രംപ് ജനക്കൂട്ടത്തിന് ഉറപ്പുനല്‍കി ‘ഇല്ല, അത് സംഭവിക്കില്ല.’
യു.എസില്‍ പ്രസിഡന്റാകണമെങ്കില്‍ യുഎസില്‍ ജനിച്ച പൗരനായിരിക്കണമെന്ന് യുഎസ് ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. ഇക്കാരണത്താലാണ് മസ്‌കിന് ഒരിക്കലും ആ പദവി സ്വപ്‌നം കാണാനാകാത്തത്.
വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന്റെ സ്വാധീനം ഡെമോക്രാറ്റിക് ആക്രമണങ്ങളുടെ ഒരു കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടാത്ത ഒരു പൗരന് ഇത്രയധികം അധികാരം എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും എന്ന ചോദ്യങ്ങളാണ് വിമര്‍ശകര്‍ പ്രധാനമായും ഉയര്‍ത്തുന്നത്.