‘ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ ഭീഷണി ഇന്ത്യ’, കനേഡിയൻ പാ‍ർലമെന്‍ററി സമിതിയുടെ റിപ്പോർട്ട്; ഗൗരവതരമെന്ന് ജസ്റ്റിൻ ട്രൂഡോ

ഒട്വാവ: ചൈന കഴിഞ്ഞാൽ കാനഡയുടെ ജനാധിപത്യത്തിന് മേലുള്ള രണ്ടമാത്തെ വിദേശ ഭീഷണി ഇന്ത്യയാണെന്ന് കനേഡിയൻ പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട്. റഷ്യക്ക് പകരമാണ് ഇന്ത്യയെ രണ്ടാമത്തെ വിദേശ ഭീഷണിയായി വിശേഷിപ്പിച്ചുകൊണ്ട് കനേഡിയൽ പാർലന്‍റിന്‍റെ ഉന്നതാധികാര സമിതി ചൂണ്ടികാട്ടിയിരിക്കുന്നത്. കാനഡയുടെ ദേശീയ സുരക്ഷ – ഇന്‍റലിജൻസ് പാ‍ർലമെന്‍ററി സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ റിപ്പോർട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ‍ോക്ക് സമർപ്പിക്കുകയും ചെയ്തു.

നേരത്തെ കാനഡയുടെ ജനാധിപത്യത്തിന് മേലുള്ള ഒന്നാമത്തെ ഭീഷണിയായി ചൈനയെയും രണ്ടാമത്തെ ഭീഷണിയായി റഷ്യയെയുമാണ് കാനഡ കരുതിയത്. ഇതിൽ മാറ്റം വരുത്തി ഇന്ത്യയെ രണ്ടാമത്തെ ഭീഷണിയായാണ് കനേഡിയൻ പാർലമെന്‍ററി സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കാനഡക്ക് മേലുള്ള മൂന്നാമത്തെ ഭീഷണിയായാണ് ഇപ്പോൾ റഷ്യയെ കണക്കാക്കിയിരിക്കുന്നത്. റിപ്പോർട്ട് ഈ ആഴ്ച കാനഡയുടെ പാർലമെന്‍റിൽ അവതരിപ്പിക്കും. വിഷയം ഗൗരവതരമായി പരിഗണിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 84 പേജുള്ള റിപ്പോർട്ടിൽ 44 തവണയായാണ് ഇന്ത്യയെ പരാമർശിച്ചിട്ടുള്ളത്. കാനഡയുടെ വിദേശ ഭീഷണി പട്ടികയിൽ 2019 ലാണ് ഇന്ത്യ ആദ്യമായി ഇടം പിടിച്ചത്.

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് ആരോപണത്തിന് പിന്നാലെയാണ് ഈ റിപ്പോർട്ട് എന്നതും ശ്രദ്ധേയമാണ്. ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്ന് ഇന്ത്യ പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം നേരത്തെ തന്നെ വഷളായിരുന്നു.

More Stories from this section

family-dental
witywide