
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മനപൂർവം വഷളാക്കിയെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർ സഞ്ജയ് കുമാർ വർമ ആരോപിച്ചു.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർ സഞ്ജയ് കുമാർ വർമ അടക്കം 6 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ കാനഡ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് വരുന്നതിനു തൊട്ടു മുമ്പ് കാനഡയിലെ സിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വർമ ഇക്കാര്യം വ്യക്തമാക്കിയത്.
കാനഡ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ല, തെളിവുകൾ ആദ്യം പങ്കുവെക്കേണ്ടതായിരുന്നു, എന്നാൽ ട്രൂഡോ പാർലമെൻ്റിൽ ഇക്കാര്യം സംസാരിക്കാൻ തീരുമാനിച്ചു. വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആരോപണം ഉന്നയിച്ച ശേഷം, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം അനുദിനം മോശമാകുന്നു എന്ന് അദ്ദേഹം ഉറപ്പുവരുത്തി,” വർമ പറഞ്ഞു.
കനേഡിയൻ പൗരനായ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിൻ്റെ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തെ പരാമർശിക്കുകയായിരുന്നു സഞ്ജയ് വർമ.
ജസ്റ്റിൻ ട്രൂഡോയ്ക്കും സംഘത്തിനും നേരെ അവിശ്വാസമുണ്ടെന്നും ഖാലിസ്ഥാൻ വിഘടനവാദികളെ കാനഡ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കുന്നെണ്ടെന്നും അവർക്ക് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയിൽ വലിയ സ്വാധിനം ഉണ്ടെന്നും വർമ ആരോപിച്ചു.
കനേഡിയൻ പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും രാഷ്ട്രീയക്കാരുടെ കയ്യിലെ ഉപകരണമാണ് പൊലീസ് എന്നും വർമ ആരോപണം ഉന്നയിച്ചു. എന്നാൽ കാനഡ ഇന്ത്യയുടെ സുഹൃത്തായി തുടരുമെന്നും “രാഷ്ട്രീയേതര” ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും വർമ്മ പറഞ്ഞു.
കാനഡയുടെ ആരോപണങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന ചോദ്യത്തിന്, “ഇന്ത്യയുടെ ഹൈക്കമ്മീഷണർ എന്ന നിലയിൽ ഞാൻ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല… കാനഡയിലെ ഖലിസ്ഥാൻ അനുകൂല ഘടകങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയണ്ടേ? അത് അറിയണം. കാരണം അത് എൻ്റെ ദേശീയ താൽപ്പര്യമാണ്. ഇന്ത്യൻ പ്രദേശം കീറിമുറിക്കാൻ ശ്രമിക്കുന്ന ഖലിസ്ഥാൻ വിഘടനവാദികളെ പ്രോൽസാഹിപ്പിക്കുന്ന കാനഡയോടുള്ള എൻ്റെ പ്രധാന ആശങ്ക ഇതാണ്.” അദ്ദേഹം പറഞ്ഞു.