ഒട്ടാവ: നയതന്ത്രപ്രശ്നങ്ങള്‍ അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികള്‍ കാനഡ തുടങ്ങിയതായി സൂചന. കാനഡയുടെ സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും ഉള്‍പ്പെടുത്തിയെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാനഡ സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് സൈബര്‍ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും കാനഡ ചേര്‍ത്തിരിക്കുന്നത്. ആദ്യമായാണ് സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേര് കാനഡ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ ചാരവൃത്തി ലക്ഷ്യംവെച്ച് കാനഡ സര്‍ക്കാരിനെതിരേ സൈബര്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നതെന്നാണ് വിവരം. ആഗോളതലത്തില്‍ പുതിയ ശക്തികളാകാൻ ആഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബര്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുകയാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമർശം.ഈ റിപ്പോർട്ടുകളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ ശ്രമമാണ് ഇതെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്‌വാള്‍ തന്നെ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരേ കൃത്രിമമായി ആഗോള അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ കാനഡ ശ്രമിക്കുന്നതായി അവരുടെ മുതിര്‍ന്ന വക്താക്കള്‍ സമ്മതിച്ചിരുന്നു. മറ്റുള്ളവയെപ്പോലെ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവര്‍ ആവര്‍ത്തിക്കുകയാണെന്നും രണ്‍ദീപ് ജയ്സ്വാള്‍ ചൂണ്ടികാട്ടി.
അതിനിടെ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരേ കനേഡിയന്‍ മന്ത്രി ഉന്നയിച്ച ആരോപണത്തില്‍ ഇന്ത്യ കാനഡയെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഖലിസ്താന്‍ വിഘടനവാദികളെ കാനഡയില്‍വെച്ച് വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണെന്നായിരുന്നു കാനഡയുടെ ആരോപണം. കനേഡിയന്‍ ഹൈക്കമ്മിഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചത്. ഇതുസംബന്ധിച്ച നയതന്ത്രക്കുറിപ്പും ഇന്ത്യ കൈമാറിയിരുന്നു.