ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വലിയ വിള്ളലുകളിലേക്ക് നീങ്ങുന്നതിനിടെ കാനഡ കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചിരിക്കുന്നത്.
കാനഡയിലേക്ക് കുടിയേറാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. ഇന്ത്യ -കാനഡ ബന്ധത്തില്‍ ഈയടുത്തുണ്ടായ വിള്ളലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
2025ല്‍ പുതുതായി പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നവരുടെ എണ്ണം 395,000 ആയി ചുരുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് 2025ല്‍ കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 30,000 മുതല്‍ 300,000 ആയി കുറയുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്.
വിദേശ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നത് താമസ്ഥലങ്ങളുടെ വില വര്‍ധനവിനും പലിശനിരക്കുകളില്‍ വലിയ വര്‍ധനവും ഉണ്ടാക്കുന്നുവെന്ന് ചൂണ്ടികാണിച്ച് ട്രൂഡോ സര്‍ക്കാരിനെതിരെ കനേഡിയന്‍സ് പ്രതിഷേധം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് നിര്‍ണ്ണായക നീക്കം.