കാനഡയിൽ നിയന്ത്രണങ്ങൾക്കിടയിലും പഠനാനുമതി ലഭിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന

ടൊറൻ്റോ: രാജ്യത്തേക്ക് പ്രവേശിക്കുന്ന താത്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് കനേഡിയൻ സർക്കാർ അവകാശപ്പെടുമ്പോഴും, ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ പഠനാനുമതി ലഭിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധന.

പാർപ്പിട പ്രതിസന്ധി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഗവൺമെൻ്റിൻ്റെ ജനപ്രീതിയെ പ്രതികൂലമായി ബാധിച്ചതിനാൽ, അന്തർദ്ദേശീയ വിദ്യാർത്ഥികളെപ്പോലുള്ള താൽക്കാലിക താമസക്കാരുടെ പ്രവേശനം കുറയ്ക്കുന്നതിനുള്ള നടപടികൾ കാനഡ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി)യുടെ ഡാറ്റ പ്രകാരം, 2023 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ സ്റ്റഡി പെർമിറ്റ് നേടിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഇതേ നാല് മാസങ്ങളിൽ നൽകിയ മൊത്തം സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 165,805 ആയിരുന്നു, 2024 ൽ 187,510 ആയി വർദ്ധിച്ചു. ഈ വിസകൾ ലഭിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണവും ഇതേ കാലയളവിൽ 72,750 ൽ നിന്ന് 81,260 ആയി വർദ്ധിച്ചു. ഏകദേശം 43% എന്ന നിലയിലാണ് വർധന.

2023-ൽ കാനഡ നൽകിയ മൊത്തം 682,4305 സ്റ്റഡി പെർമിറ്റുകളിൽ 278,335ഉം ഇന്ത്യൻ വിദ്യാർത്ഥികളാണ്. 2024-ൽ ഇതുവരെ കാനഡ 216,620 സ്റ്റഡി പെർമിറ്റുകൾ നൽകിയിട്ടുണ്ട്, അതിൽ 91,510 എണ്ണവും ലഭിച്ചത് ഇന്ത്യക്കാർക്കാണ്.

അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റിനായി സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണത്തിൽ പരിധി കൊണ്ടുവരുമെന്ന് ജനുവരിയിൽ ഐആർസിസി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രാബല്യത്തിൽ വരുന്നതോടെ 2023 നെ അപേക്ഷിച്ച് ഈ വർഷം അപേക്ഷകളുടെ എണ്ണം 35% കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.