
ഇന്ത്യന്‍ ഏജന്‌റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണവുമായി കാനഡ രംഗത്ത്. കാനഡയുടെ മണ്ണിലെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നേരിട്ട് പങ്കാളിയാണ്. ആരോപണങ്ങള്‍ സാധൂകരിക്കാന്‍ തെളിവുകള്‍ പങ്കുവെച്ചില്ലെങ്കിലും കാനഡയിലുള്ള ഇന്ത്യന്‍ ഏജന്‌റുമാര്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യമിട്ട് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ദക്ഷിണേഷ്യന്‍ കനേഡിയന്‍ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു.
ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് നയതന്ത്രജ്ഞര്‍ക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുകയും ഇന്ത്യയിലെ കനേഡിയന്‍ പ്രതിനിധിയെയും നയതന്ത്ര പ്രതിനിധികളെയും ഇന്ത്യ പിന്‍വലിക്കുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും ആരോപണങ്ങളുമായി കാനഡ രംഗത്തു വന്നിരിക്കുന്നത്
മുംബൈയില്‍ എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നില്‍ ബിഷ്‌ണോയ് സംഘത്തിന്‌റെ പങ്ക് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് പുതിയ ആരോപണം ഉയരുന്നത്.
ഹര്‍ദീപ് സിങ് നിജ്ജാറിന്‌റെ കൊലപാതകവും മറ്റ് അക്രമസംഭവങ്ങളുമായി ഇന്ത്യൻ ഏജന്‌റുമാര്‍ക്കുള്ള ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന തെളിവുകളുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് പറഞ്ഞു. “കാനഡയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‌റെ ഏജന്‌റുമാര്‍ ശ്രമിച്ചെന്ന് തെളിവുകള്‍ കാണിക്കുന്നു. ഇതില്‍ ചില വ്യക്തികളെയും ബിസിനസുകാരെയും ഇന്ത്യൻ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭീഷണിപ്പെടുത്തി. ഇന്ത്യ ഗവണ്‍മെന്‌റിനായി ശേഖരിക്കുന്ന വിവരങ്ങള്‍ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഉപയോഗിച്ചിരുന്നത്” റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് പറഞ്ഞു.
Canada says Indian agents have links with Lawrence Bishnoi gang