ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാനി പ്രതിഷേധത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ കാനഡ സസ്‌പെന്‍ഡ് ചെയ്തു

ഒട്ടാവ: ബ്രാംപ്ടണിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ കാനഡ സസ്‌പെന്‍ഡ് ചെയ്തു. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നാണ് കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. പീല്‍ റീജിയണല്‍ പൊലീസ് ഓഫീസറായ ഹരീന്ദര്‍ സോഹി, ഖാലിസ്ഥാന്‍ പതാക പിടിച്ച് പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ടായിരുന്നത് ക്യാമറയില്‍ കുടുങ്ങിയതോടെയാണ് നടപടി നേരിട്ടത്. ഇദ്ദേഹത്തിന് ഒപ്പം പ്രതിഷേധിച്ച മറ്റുള്ളവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പീല്‍ റീജിയണല്‍ പൊലീസിലെ സര്‍ജന്റായിരുന്നു സോഹി. എന്നാല്‍ സംഭവ സമയത്ത് ഡ്യൂട്ടിയിലായിരുന്നില്ല ഇദ്ദേഹം. കമ്മ്യൂണിറ്റി സേഫ്റ്റി ആന്റ് പൊലീസിംഗ് ആക്ട് അനുസരിച്ചാണ് ഈ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഹിന്ദു സഭാ മന്ദിര്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി പീല്‍ റീജിയണല്‍ പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

സംഭവത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിരട്ടാനുള്ള കാനഡയുടെ ഭീരുത്വംനിറഞ്ഞ ശ്രമങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലമാക്കില്ലെന്നും പ്രധാനമന്ത്രി ‘എക്‌സി’ല്‍ കുറിച്ചു. കനേഡിയന്‍സര്‍ക്കാര്‍ നീതിയുറപ്പാക്കുമെന്നും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മോദി വ്യക്തമാക്കിയിരുന്നു.