
ഒട്ടാവ : ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ ഇരകളായ ഗസ്സക്കാര്‍ക്ക് കൂടുതല്‍ വിസ നല്‍കുമെന്ന ആശ്വാസ പ്രഖ്യാപനവുമായി കാനഡ. 5,000 ഗാസക്കാര്‍ക്ക് വിസ നല്‍കുമെന്നാണ് കാനഡ തിങ്കളാഴ്ച അറിയിച്ചത്. മാത്രമല്ല, 45 മരണങ്ങള്‍ക്കും 250ലധികം ആളുകള്‍ക്ക് പരിക്കേറ്റതുമായ റഫയിലെ ഇസ്രയേല്‍ ആക്രമണത്തെ കാനഡ അപലപിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വൈകി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് തെക്കന്‍ ഗാസ നഗരമായ റഫയിലെ ഒരു അഭയാര്‍ത്ഥി കൂടാര ക്യാമ്പില്‍ തീപിടുത്തമുണ്ടാവുകയും ഇത് 45 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തത്. സംഭവം കാനഡ ഉള്‍പ്പെടെയുള്ള ആഗോള നേതാക്കളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
ഡിസംബറില്‍ കാനഡ പ്രഖ്യാപിച്ച ഒരു പ്രത്യേക പ്രോഗ്രാമിന് കീഴില്‍ അനുവദിച്ച 1,000 താല്‍ക്കാലിക റസിഡന്റ് വിസകളില്‍ നിന്ന് അഞ്ചിരട്ടി വര്‍ദ്ധനവാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ‘ഗാസയില്‍ നിന്ന് പുറത്തേക്ക് നീങ്ങുന്നത് നിലവില്‍ സാധ്യമല്ലെങ്കിലും, സ്ഥിതി എപ്പോള്‍ വേണമെങ്കിലും മാറാം. ഈ പരിധി വര്‍ദ്ധനയോടെ, സ്ഥിതിഗതികള്‍ മാറുന്നതിനനുസരിച്ച് കൂടുതല്‍ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാകും’ കുടിയേറ്റ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. പ്രത്യേക വിസ പ്രോഗ്രാമുമായി ബന്ധമില്ലാത്ത നയപ്രകാരം 254 പേര്‍ ഉള്‍പ്പെടെ 448 ഗാസക്കാര്‍ക്ക് താല്‍ക്കാലിക വിസ നല്‍കിയിട്ടുണ്ടെന്നും 41 പേര്‍ ഇതുവരെ കാനഡയില്‍ എത്തിയിട്ടുണ്ടെന്നും മാര്‍ക്ക് മില്ലറുടെ വക്താവ് പറഞ്ഞു.