ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ അധിക സ്ക്രീനിങ് കാനഡ നിർത്തലാക്കി. ഉഭയകക്ഷി ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കാനഡ അധിക സ്ക്രീനിങ് ഏർപ്പെടുത്തിയത്.
എന്നാൽ, ഇപ്പോൾ ഈ തീരുമാനം പിൻവലിച്ചു. കനേഡിയൻ ട്രാൻസ്പോർട്ട് മന്ത്രി അനിത ആനന്ദാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയ വിവരം അറിയിച്ചത്. വിമാന യാത്രികരുടെ യാത്ര വൈകാൻ ഇടയാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്.
അതേസമയം, ഹർദീപ് സിങ് നിജ്ജാർ വധം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന മാധ്യമ റിപ്പോർട്ടുകൾ കാനഡ തള്ളി. മോദിക്കോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥർക്കോ കാനഡയിലെ ഒരു കുറ്റകൃത്യത്തിലും പങ്കില്ലെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനും പദ്ധതിയെ കുറിച്ച് അറിയാമെന്നുമായിരുന്നു കനേഡിയൻ പത്രം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നും കാനഡ വ്യക്തമാക്കി.
Canada withdraw extra screening of Indian passengers