ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ കാനഡയുടെ ആരോപണങ്ങൾ ആശങ്കാജനകമെന്ന് യുഎസ്: “ഓട്ടവയുമായി കൂടിയാലോചന തുടരും”

വാഷിംഗ്ടൺ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ കാനഡയുടെ ആരോപണങ്ങൾ ആശങ്കാജനകമാണെന്നും ഈ വിഷയത്തിൽ ഓട്ടവയുമായി കൂടിയാലോചിക്കുന്നത് തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെൻ്റ് വക്താവ് മാത്യു മില്ലർ മാധ്യമങ്ങളോടു പറഞ്ഞു.

കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനു പിന്നിൽ ഷായാണെന്ന് ആരോപിച്ച വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് താൻ സ്ഥിരീകരിച്ചിരുന്നതായി കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ ചൊവ്വാഴ്ച കാനഡയുടെ പാർലമെൻ്ററി കമ്മിറ്റിയെ അറിയിച്ചിരുന്നു

ഇന്ത്യയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കാനഡയിലെ സിഖ് വിഘടനവാദികൾക്കെതിരായ രഹസ്യാന്വേഷണ ദൗത്യങ്ങൾക്കും ആക്രമണങ്ങൾക്കും അംഗീകാരം നൽകിയിട്ടുണ്ടെന്ന് കനേഡിയൻ സുരക്ഷാ ഏജൻസിക്കു തെളിവുകൾ ലഭിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. “ആ ഇന്ത്യൻ ഉദ്യോഗസ്ഥൻ അമിത് ഷാ ആണോ എന്ന് ഒരു പത്രപ്രവർത്തകൻ എന്നെ വിളിച്ച് ചോദിച്ചു,” ഡേവിഡ് മോറിസൺ പറഞ്ഞു. “അത് ആ വ്യക്തിതന്നെയാണ് എന്ന് ഞാൻ സ്ഥിരീകരിച്ചു.”

അമിത് ഷായ്‌ക്കെതിരായ ആരോപണങ്ങളോട് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രതികരിച്ചില്ല. സിഖ് പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തേ തള്ളിയിരുന്നു.

രണ്ടാഴ്ച മുമ്പ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായതിനെ കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റിക്കു മുന്നിൽ കനേഡിയൻ പൊലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും ഒപ്പം ഡേവിഡ് മോറിസണും മൊഴിനൽകുകയായിരുന്നു.

Canada’s allegations against Amit Shah is Concerning says US