ഖലിസ്ഥാന്‍ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം കേന്ദ്രീകരിച്ചുള്ള സിബിസി റിപ്പോർട്ടിന് ഇന്ത്യയിൽ യൂട്യൂബ് വിലക്കേർപ്പെടുത്തി. വെബ്‌സൈറ്റിലെ സ്റ്റോറിയില്‍നിന്ന് വീഡിയോയിലേക്കുള്ള ആക്സസ് തടയാന്‍ കേന്ദ്ര ഐടി മന്ത്രാലയത്തില്‍നിന്ന് നിർദേശം ലഭിച്ചതായി യൂട്യൂബ് അറിയിച്ചെന്നാണ് സിബിസി പറയുന്നത്. ഇതിനുപിന്നാലെയാണ് വിഡിയോ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്. മറ്റ് രാജ്യങ്ങളില്‍ വീഡിയോ ലഭ്യമാണ്. യുട്യൂബിന് പുറമെ എക്സിനും സമാന നിർദേശം കേന്ദ്ര സർക്കാർ നല്‍കിയിട്ടുണ്ടെന്നും സിബിസി അറിയിച്ചു. കാനഡ സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിബിസി.
കഴിഞ്ഞവർഷം ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലായിരുന്നു നിജ്ജാർ കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പ്രോഗ്രാമിന്റെ ഭാഗമായായിരുന്നു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സിഖ് ഫോർ ജസ്റ്റിസ് ജനറല്‍ കൗണ്‍സല്‍ ഗുർപത്വന്ത് സിങ് പന്നൂവുമായുള്ള അഭിമുഖവും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പരിപാടിയുടെ ഭാഗമാകാൻ ഒട്ടാവയിലെ ഇന്ത്യൻ ഹൈ കമ്മിഷന്‍ സഞ്ജയ് കുമാർ വെർമയോട് അഭ്യർഥിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പ്രോഗ്രാമില്‍ സിബിസി പറയുന്നുണ്ട്. എന്നാല്‍ മറ്റ് നിരവധി കനേഡിയന്‍ മാധ്യമങ്ങളില്‍ സഞ്ജയ് കുമാർ പ്രത്യക്ഷപ്പെട്ടിരുന്നു.
നടപടിയോട് വിയോജിക്കുന്നതായും അഭിപ്രായ സ്വാതന്ത്ര്യം ഈ പോസ്റ്റുകള്‍ക്കും ബാധകമാക്കണമെന്നും സിബിസി ആവശ്യപ്പെട്ടു. നടപടി സംബന്ധിച്ച് ഇന്ത്യയിലെ ഔദ്യോഗിക വിഭാഗവുമായി ആശയവിനിമയം നടത്തുണ്ടെന്നും സിബിസി കൂട്ടിച്ചേർത്തു.
പ്രോഗ്രാമിനെതിരെ ഇന്‍ഡോ-കനേഡിയന്‍ സമൂഹത്തിൽനിന്ന് വിമർശനമുയർന്നിട്ടുണ്ട്. സറെ ആസ്ഥാനമായുള്ള റേഡിയോ ഇന്ത്യയുടെ എം ഡിയായ മനിന്ദർ സിങ് ഗില്‍ സിബിസി പ്രസിഡന്റ് കാതറിന്‍ ടയ്‌റ്റിന് കത്തയച്ചാണ് വിയോജിപ്പ് അറിയിച്ചത്. പ്രോഗ്രാം പക്ഷാപാതപരമാണെന്നാണ് മനിന്ദറുടെ ആരോപണം.
Canadas CBC News Channel asked to ban Nijjar Assassination Video in India