കാനഡയുടെ രാഷ്ട്രീയം വിഘടനവാദത്തിനും തീവ്രവാദത്തിനും ഇടം നൽകി: എസ് ജയശങ്കർ

ന്യൂഡൽഹി: 2023 ജൂണിൽ ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയ്‌ക്കെതിരെ കാനഡ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന കാനഡ അവഗണിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ വൻ നയതന്ത്ര തർക്കത്തിന് തുടക്കമിട്ടിരുന്നു. സറേ നഗരത്തിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് ഇന്ത്യൻ ഏജൻ്റുമാർ നിജ്ജാറിനെ വെടിവച്ചതായി ട്രൂഡോ പറഞ്ഞിരുന്നു.

“കാനഡ, കുറച്ച് വർഷങ്ങളായി, അവരുടെ രാഷ്ട്രീയത്തിൽ തീവ്രവാദികൾക്കും ഭീകരർക്കും ഇടം നൽകുന്നു. ഇത് അവരുടെ രാഷ്ട്രീയത്തിലെ ദൗർബല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇക്കാരണത്താൽ അവിടെ ധാരാളം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു,” ജയശങ്കർ പറഞ്ഞു.

“അവരുടെ പ്രധാനമന്ത്രി നമുക്കെതിരെ പരസ്യമായി ഒരു ആരോപണം ഉന്നയിച്ചു, അതിന് മുമ്പ് രണ്ട് പ്രധാനമന്ത്രിമാരും കണ്ടുമുട്ടി, ഞാനും അവിടെ ഉണ്ടായിരുന്നു. നിങ്ങളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ, നിങ്ങൾക്ക് എന്തെങ്കിലും വിവരം ലഭിച്ചാൽ ദയവായി ഞങ്ങളോട് പറയൂ എന്നായിരുന്നു നമ്മുടെ നിലപാട്. നിങ്ങൾക്ക് എല്ലാം ഞങ്ങളോട് പറയാൻ താൽപ്പര്യമില്ലെങ്കിലും, കുറഞ്ഞത് എന്തെങ്കിലും പറയൂ. അപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഭാഗത്ത് നിന്ന് അന്വേഷിക്കാൻ സാധിക്കും എന്ന് പറഞ്ഞിരുന്നു,” അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide