ഒട്ടാവ: സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തെച്ചൊല്ലി നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ഇന്ത്യക്കെതിരെ കാനഡ ഉപരോധമേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. എല്ലാം പരിഗണനയിലുണ്ടെന്നായിരുന്നു മെലാനി ജോളിയുടെ പ്രതികരണം. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലെത്തിയായിരുന്നു മെലാനി ജോളിയുടെ പ്രതികരണം.ഇന്ന് തങ്ങള്‍ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടു. തങ്ങളുടെ ‘ടൂള്‍ബോക്‌സ്’ പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകും. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം നയതന്ത്രപ്രതിനിധികളെ പുറത്താക്കുക എന്നത് ഒരു രാജ്യം സ്വീകരിക്കുന്ന ഏറ്റവും ഉയര്‍ന്നതും കഠിനവുമായ നടപടിയാണെന്നും മെലാനി ജോളി പറഞ്ഞു. അതിനിടെ ഇന്ത്യയും കാനഡുമായുള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യന്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നം വഷളാകുന്നതിലെ ആശങ്കയും ഇന്ത്യൻ സമൂഹം വ്യക്തമാക്കുന്നുണ്ട്.
അതിനിടെ ഇന്ത്യ – കാനഡ തർക്കത്തിൽ അമേരിക്കക്ക് പിന്നാലെ ഇന്ത്യൻ നിലപാട് തള്ളി ബ്രിട്ടന്നും രംഗത്തെത്തി. കാനഡയുടെ നിയമനടപടികളുമായി ഇന്ത്യ സഹകരിക്കുകയാണ് ശരിയായ നടപടിയെന്ന് ബ്രിട്ടന്‍. കാനഡയുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും യു കെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്മെന്‍റ് ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.യു കെ പ്രധാനമന്ത്രി കെയ് സ്റ്റാമറുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഫോണില്‍ സംസാരിച്ചതിനു പിറ്റേന്നാണ് യുകെയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. പുതിയ സംഭവ വികാസങ്ങള്‍ പ്രധാനമന്ത്രിമാരുടെ സംഭാഷണത്തില്‍ വിഷയമായതായി ഫോറിന്‍ ഓഫിസ് അറിയിച്ചു. രാജ്യത്തിന്‍റെ പരമാധികാരം പ്രധാനമാണ്. അതു കണക്കിലെടുത്ത് കാനഡയുടെ അന്വേഷണത്തോട് സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് പ്രസ്താവന പറയുന്നു.
സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടായത്. കാനഡയിലെ ക്രിമിനല്‍ സംഘങ്ങളുമായി ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ ആരോപണവും ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. 2023 സെപ്തംബറില്‍ ജസ്റ്റിന്‍ ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഇതുവരെ ഒരു തെളിവും ഇന്ത്യക്ക് നല്‍കിയിട്ടില്ല. അന്വേഷണത്തിന്റെ മറവില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബോധപൂര്‍വമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ആണെന്നാണ് ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട്.