ന്യൂഡല്‍ഹി: ഖലിസ്താൻ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി കാനഡ സര്‍ക്കാര്‍. മുൻനിര ഇന്ത്യൻ നേതാക്കളെ കാനഡയിലെ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്ന മാധ്യമ റിപ്പോർട്ട് വെറും ഊഹാപോഹവും തെറ്റുമാണെന്ന് കാനഡ വ്യക്തമാക്കി.
പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു കനേഡിയൻ മാധ്യമ സ്ഥാപനം നടത്തിയ അവകാശവാദങ്ങളുടെ തെളിവുകളൊന്നും കനേഡിയൻ സർക്കാരിന് അറിയില്ലെന്ന് ജസ്റ്റിൻ ട്രൂഡോയുടെ ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു
ഇന്ത്യ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവർക്ക് നിജ്ജാർ വധത്തെക്കുറിച്ച് അറിയാമായിരുന്നു എന്ന് ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ ഉണ്ടായിരുന്നു.
കാനഡയ്ക്കുള്ളിലെ ഗുരുതരമായ കുറ്റകൃത്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മോദിയെയോ മന്ത്രി ജയശങ്കറിനെയോ ബന്ധിപ്പിക്കുന്ന ഒരു പ്രസ്താവനയും കാനഡ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. മാധ്യമ റിപ്പോര്‍ട്ട് വെറും ഊഹാപോഹം മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ ‘പരിഹാസ്യമായ പ്രസ്താവനകള്‍’ എന്നാണ് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിശേഷിപ്പിച്ചത്.
ജൂണ്‍ 18-നായിരുന്നു ഖലിസ്താന്‍ വാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന് കാനേഡിയന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.
Canadian government denied a media report linking top Indian leaders to Nijjar killing