‘അസംബന്ധവും അടിസ്ഥാനരഹിതവും’, അമിത് ഷായ്‌ക്കെതിരായ കാനഡയുടെ ആരോപണം തള്ളി ഇന്ത്യ, കനേഡിയൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി

ഡൽഹി: കാനഡയിൽ ഖാലിസ്ഥാൻ തീവ്രവാദികളെ ലക്ഷ്യം വയ്ക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടുവെന്ന കനേഡിയൻ മന്ത്രിയുടെ അവകാശവാദങ്ങൾ തള്ളി ഇന്ത്യ. ‘അസംബന്ധവും അടിസ്ഥാനരഹിതവുമായ ആരോപണം എന്നാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. ഇക്കാര്യത്തിൽ കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

കാനഡ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണാണ് അമിത് ഷാക്കെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നത്. കാനഡയിലെ സിഖ് വംശജരയെും വിഘടനവാദികളെയും ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്തുന്നതിനു പിന്നിൽ അമിത് ഷായാണെന്ന ആരോപണമാണ് മോറിസൺ നടത്തിയത്. കാന‍ഡയിലെ സിഖ് വംശജരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യാന്വേഷണം നടത്തുന്നതും വിവരങ്ങൾ ശേഖരിക്കുന്നതുമടക്കമുള്ള കാര്യങ്ങൾക്ക് പിന്നിൽ ആഭ്യന്തര മന്ത്രിയുടെ ഉത്തരവാണെന്നും ഡേവിഡ് മോറിസൺ പറഞ്ഞിരുന്നു.

2023 ജൂണിൽ കനേഡിയൻ പൗരനായ സിഖ് വംശജൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിനും കാനഡയിലെ ഹൈക്കമീഷണർക്കടക്കം പങ്കുണ്ടെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ പലവട്ടം രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവിൽ ഇരു രാജ്യങ്ങളും ഹൈക്കമീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ആരോപണം ഉന്നയിക്കുമ്പോളും തെളിവുകൾ നിരത്താൻ കാന‍ഡക്കും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കും സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

More Stories from this section

family-dental
witywide