ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിനേതൃത്വം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി എംപിമാർ ഉൾപ്പെടെ പാർട്ടിയംഗങ്ങൾ. രാജിയാവശ്യപ്പെട്ട് ബുധനാഴ്ച ലിബറൽ എം.പി.മാർ ഒട്ടാവയിലെ പാർലമെന്റ് ഹില്ലിലുള്ള അടച്ചിട്ട മുറിയിൽ യോഗംചേർന്നതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. യോഗത്തിൽ 24 എംപിമാർ തങ്ങളുടെ വിയോജിപ്പുകൾ ട്രൂഡോയെ നേരിട്ടറിയിച്ചു. ഈ മാസം 28-നുമുൻപ് രാജിക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് അവർ ട്രൂഡോയ്ക്ക് അന്ത്യശാസനം നൽകി.
ഇരുപതിലേറെ എംപിമാർ ഒപ്പിട്ട പ്രമേയം ബ്രിട്ടിഷ് കൊളംബിയ എംപി പാട്രിക് വീലറാണ് യോഗത്തിൽ അവതരിപ്പിച്ചത്. അതേസമയം, 28-നകം ട്രൂഡോ തീരുമാനത്തിലെത്തിയില്ലെങ്കിൽ അനന്തര നടപടി എന്തായിരിക്കുമെന്ന കാര്യം പ്രമേയത്തിൽ വ്യക്തമാക്കിയിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചശേഷം ഡെമോക്രാറ്റിക് പാർട്ടിക്കുണ്ടായ ഉണർവിനു സമാനമായത്, ട്രൂഡോ രാജിവെച്ചാൽ ലിബറൽ പാർട്ടിക്കുമുണ്ടാകുമെന്നാണ് പ്രമേയം പറയുന്നത്.
നിജ്ജർവധക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ട്രൂഡോയ്ക്കെതിരേ സ്വന്തം പാർട്ടിയിൽ ഉൾപ്പോര് കനക്കുന്നത്.
മൂന്നുമണിക്കൂർനീണ്ട യോഗത്തിൽ ഓരോ എം.പിമാരും രണ്ടുമിനിറ്റ് വീതം സംസാരിച്ചു. 2013 മുതൽ ലിബറൽ പാർട്ടിനേതാവാണ് ട്രൂഡോ. 2015 മുതൽ കാനഡയുടെ പ്രധാനമന്ത്രിപദത്തിലിരിക്കുന്നു. സഖ്യകക്ഷിയായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി സെപ്റ്റംബറിൽ പിന്തുണ പിൻവലിച്ചതോടെ ട്രൂഡോയുടേത് ന്യൂനപക്ഷസർക്കാരായി. 338 അംഗ പാർലമെന്റിൽ 153 സീറ്റുകളാണ് ലിബറൽ പാർട്ടിക്കുള്ളത്.
Canadian Prime Minister Justin Trudeau is facing growing opposition from within his own party