ന്യുയോർക്ക്: കാനഡയിൽ നിന്ന് കാൽനടയായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവെന്ന് റിപ്പോർട്ട്. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി ബി പി) യുടെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് 2024 ജൂണിൽ മാത്രം 5,152 രേഖകളില്ലാത്ത ഇന്ത്യക്കാർ കാൽനടയായി കാനഡയിൽ നിന്ന് യു എസിലേക്ക് പ്രവേശിച്ചുവെന്നാണ് പറയുന്നത്. കാനഡയിൽ നിന്ന് യു എസിലേക്ക് പ്രവേശിക്കുന്ന ഇന്ത്യക്കാരുടെ പ്രതിമാസ എണ്ണം 2023 ഡിസംബർ മുതൽ മെക്സിക്കോ റൂട്ടിൽ നിന്ന് കടന്നുപോകുന്നവരെ മറികടന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏകദേശം 9,000 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന യു എസ് – കാനഡ ലൈൻ ലോകത്തിലെ ഏറ്റവും നീളമേറിയ തുറന്ന അതിർത്തിയാണ്. മെക്സിക്കോയുടെ ഇരട്ടിയിലധികം നീളമുണ്ട് ഈ അതിർത്തിക്ക്. യു എസ് സി ബി പി വിവരങ്ങൾ അനുസരിച്ച്, 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാനഡയുമായുള്ള യു എസ് അതിർത്തിയിൽ ഏറ്റുമുട്ടലുകളിൽ (തടങ്കലിലാക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ അല്ലെങ്കിൽ പ്രവേശനം നിഷേധിക്കുകയോ) പിടിക്കപ്പെട്ട ഇന്ത്യക്കാരുടെ ശരാശരി പ്രതിമാസ കണക്ക് 2023 -ലെ 2,548-ൽ നിന്ന് 47% വർധിച്ച് 3,733 ആയി. 2021- ൽ നിന്ന് 13 മടങ്ങ് കൂടുതലാണിതെന്നാണ് കണക്കുകൾ ചൂണ്ടികാട്ടുന്നത്.
ഇതോടൊപ്പം തന്നെ അതിർത്തിയിൽ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉള്ളതായി യു കെയിൽ നിന്നുള്ള വിവരങ്ങളും ചൂണ്ടി കാണിക്കുന്നുണ്ട്. 2021-ൽ 495 പേർ ആയിരുന്നത് 2022-ൽ 136% ഉയർന്ന് 1,170 ആയി, 2023 ആയപ്പോഴേക്കും 1,319 ആയി വർദ്ധിച്ചു. ഈ വർഷം ഇതുവരെ 475 അഭയാർഥികൾ ജൂൺ മാസത്തോടെ അതിർത്തി കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.