ടെക്‌സാസ്: കനേഡിയന്‍ പോള്‍വോള്‍ട്ട് റെക്കോര്‍ഡ് ഉടമയും 2015ലെ ലോക ചാമ്പ്യനുമായ ഷോണ്‍ ബാര്‍ബര്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരിച്ചു. അദ്ദേഹത്തിന് 29 വയസ്സായിരുന്നു. ബുധനാഴ്ച ടെക്‌സസിലെ കിങ്സ് വുഡിലുള്ള തന്റെ വസതിയില്‍ വച്ചാണ് ബാര്‍ബറുടെ മരണമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് പോള്‍ ഡോയല്‍ പറഞ്ഞു. മുന്‍ പോള്‍വോള്‍ട്ട് ലോക ചാമ്പ്യന്‍ വെറും 29 വയസ്സില്‍ മരിച്ചുവെന്ന വാര്‍ത്ത അത്‌ലറ്റിക്‌സാകെ ഞെട്ടലിലാണ്.
‘ഒരു അവിശ്വസനീയ കായികതാരം എന്നതിലുപരി, മറ്റുള്ളവരെ എപ്പോഴും തന്നേക്കാള്‍ മുന്നില്‍ നിര്‍ത്തുന്ന നല്ല മനസ്സുള്ള വ്യക്തിയായിരുന്നു ഷോണ്‍, ഇത്രയും ചെറുപ്പത്തില്‍ തന്നെ ഇത്രയും നല്ല ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ് എന്ന് ഡോയല്‍ പറഞ്ഞു. മുന്‍ ലോകോത്തര അത്ലറ്റിന്റെ പെട്ടെന്നുള്ള മരണത്തിന്റെ കാരണത്തെക്കുറിച്ച് തുടക്കത്തില്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ബാര്‍ബറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി പിന്നീട് വിവരം ലഭിച്ചു. ബാര്‍ബര്‍ അസുഖബാധിതനായിരുന്നുവെന്നും കുറച്ചുകാലമായി ആരോഗ്യം തീര്‍ത്തും മോശമായിരുന്നുവെന്ന് അത്ലറ്റിക് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഏഴ് വര്‍ഷം മുമ്പ് സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ബാര്‍ബര്‍, യുഎസ് പാസ്പോര്‍ട്ടും സ്വന്തമാക്കിയിരുന്നു. 2015 ബെയ്ജിംഗില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടി കരിയറിന്റെ ഉന്നതിയിലെത്തി. ജർമ്മനിയുടെ റാഫേൽ മാർസെൽ ഹോൾസ്‌ഡെപ്പെയെ മറികടന്നാണ് അദ്ദേഹം സ്വർണം നേടിയത്. 2016 ജനുവരിയില്‍ പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ ബാര്‍ബര്‍ കനേഡിയന്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ഒളിമ്പിക്സ് ഡോട്ട് കോം അനുസരിച്ച്, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച റെക്കോഡ് 6 മീറ്ററായിരുന്നു. ഇത് ഇപ്പോഴും കനേഡിയന്‍ റെക്കോര്‍ഡാണ്. ബാര്‍ബറിന് സഹോദരന്‍ ഡേവിഡ്, അമ്മ ആന്‍, അച്ഛന്‍ ജോര്‍ജ്ജ് എന്നിവരാണുള്ളത്.